മെസിക്കൊപ്പം കളിക്കാനായത് സ്വപ്നതുല്യം, റയൽ മാഡ്രിഡ് വിട്ടത് സിദാൻ കാരണമല്ലെന്നും ഹക്കിമി


റയൽ മാഡ്രിഡിനു സംഭവിച്ച നഷ്ടമാണ് അഷ്റഫ് ഹക്കിമിയെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള താരത്തിന്റെ പ്രകടനം വരച്ചു കാണിക്കുന്നു. ബൊറൂസിയ ഡോർട്മുണ്ടിൽ രണ്ടു സീസണുകളിൽ ലോണിൽ തകർപ്പൻ പ്രകടനം നടത്തിയ താരത്തെ ടീമിൽ നിലനിർത്തുന്നതിനു പകരം 2020ലെ സമ്മർ ജാലകത്തിൽ ഇന്റർ മിലാനു നൽകുകയാണ് റയൽ മാഡ്രിഡ് ചെയ്തത്. നിരവധി വർഷങ്ങളായി ഇറ്റാലിയൻ ലീഗ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ററിനു സീരി എ കിരീടം നൽകാൻ നിർണായകമായൊരു പങ്കു വഹിക്കാൻ ഹക്കിമിക്ക് കഴിയുകയും ചെയ്തു.
ഇന്റർ മിലാനിലെ സാമ്പത്തിക പ്രതിസന്ധി കാരണം ഈ സമ്മർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയ ഹക്കിമി ഇതുവരെ മൂന്നു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി തന്റെ തകർപ്പൻ ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയോട് സംസാരിക്കുമ്പോൾ താൻ റയൽ മാഡ്രിഡ് വിട്ടതിനു പിന്നിൽ സിദാന് പങ്കുണ്ടെന്ന തരത്തിൽ ഉയരുന്ന അഭ്യൂഹങ്ങളെ തള്ളിയ താരം ലയണൽ മെസിക്കൊപ്പം കളിക്കാൻ കഴിഞ്ഞതിനെ കുറിച്ചും പറഞ്ഞു.
Would you have him back at the Bernabeu? https://t.co/voaka1ul4Z
— MARCA in English (@MARCAinENGLISH) September 25, 2021
"സിദാനിൽ നിന്നും ഞാനൊരുപാട് കാര്യങ്ങൾ മനസിലാക്കി. 2020ൽ സംഭവിച്ച കാര്യങ്ങൾക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. കോവിഡ് അടക്കമുള്ള മറ്റു വിഷയങ്ങളാണ് ഞാൻ റയൽ മാഡ്രിഡ് വിടുന്നതിനിടയാക്കിയത്. ആ സമയത്ത് സിദാനുമായി ഞാൻ സംസാരിച്ചിരുന്നു. അത് ഞങ്ങൾക്കിടയിൽ നിൽക്കുന്ന ഒന്നാണെങ്കിലും അദ്ദേഹം വ്യത്യസ്തമായ ചിന്തയാണ് പങ്കു വെച്ചത്." ഹക്കിമി പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ കഴിഞ്ഞിട്ടുള്ള ഹക്കിമിക്ക് ഈ സീസണിൽ ലയണൽ മെസിക്കൊപ്പം കളിക്കാനും ഭാഗ്യമുണ്ടായി. അതേക്കുറിച്ചും മൊറോക്കൻ താരം പറഞ്ഞു.
"മറ്റെല്ലാവരെയും പോലെ മെസി ബാഴ്സലോണ വിടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ച കാര്യമല്ല. മഹത്തായ നിരവധി താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും ലയണൽ മെസിയെ അതിൽ മിസ്സിങ്ങായിരുന്നു. എനിക്കിതൊരു സ്വപ്നം പോലെയാണ്. ലളിതസ്വഭാവവും ശാന്തതയുമുള്ള അദ്ദേഹം സ്വയം നോക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്തി." ഹക്കിമി പറഞ്ഞു.
എംബാപ്പയുമായുള്ള മികച്ച സൗഹൃദം തങ്ങൾ രണ്ടു പേരേയും വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഹക്കിമി പറഞ്ഞു. യുവതാരങ്ങൾ ആയതിനാൽ തങ്ങൾക്ക് രണ്ടു പേർക്കും സമാനമായ നിരവധി കാര്യങ്ങളുണ്ടെന്നും മൊറോക്കൻ റൈറ്റ് ബാക്ക് വ്യക്തമാക്കി.