വീണ്ടും ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി പി എസ് ജി; ഒരു സൂപ്പർ താരത്തെക്കൂടി ടീമിലെത്തിച്ചേക്കും

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും മികച്ച നീക്കങ്ങൾ നടത്തിയ ക്ലബ്ബാണ് പാരീസ് സെന്റ് ജെർമ്മൻ. അവർ ഇക്കുറി ടീമിലെത്തിച്ചതെല്ലാം സൂപ്പർ താരങ്ങളെയാണ് എന്നതാണ് ശ്രദ്ധേയം. വൈനാൾഡം, സെർജിയോ റാമോസ്, ഹക്കീമി, ഡോണരുമ്മ എന്നിവരെ ടീമിലെത്തിച്ച് ആരാധകരെ അമ്പരിപ്പിച്ച പി എസ് ജി, ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചത് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുമായി കരാറിൽ ഒപ്പു വെച്ചു കൊണ്ടാണ്.
ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി താരങ്ങളെ ടീമിലെത്തിച്ച പി എസ് ജി, ട്രാൻസ്ഫർ വിപണിയിലുള്ള തങ്ങളുടെ ഇടപടൽ അത്ര വേഗം അവസാനിപ്പിക്കാൻ പോകുന്നില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. താരബാഹുല്യമായ ടീമിലേക്ക് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപേ ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബയേയോ, ഏഡ്വേർഡോ കാമവിംഗയേയോ കൂടി ചേർക്കാനുള്ള പദ്ധതികളിലാണ് പി എസ് ജിയെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ പോഗ്ബക്കും, റെന്നസിന്റെ കളികാരനായ കാമവിംഗക്കും ഒരു വർഷ കരാറാണ് തങ്ങളുടെ ക്ലബ്ബുകളുമായി ബാക്കി നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇക്കുറി മികച്ച ഓഫർ ലഭിച്ചാൽ ഈ ക്ലബ്ബുകൾ താരങ്ങളെ വിൽക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഒരു സർപ്രൈസ് നീക്കത്തിന് പി എസ് ജി തയ്യാറെടുക്കുന്നത്.
മികച്ചൊരു സെൻട്രൽ മിഡ്ഫീൽഡറെക്കൂടിയെത്തിച്ച് ഒരു സ്വപ്ന ഇലവനെ രൂപപ്പെടുത്താനാണ് പിഎസ് ജിയുടെ ലക്ഷ്യമെന്ന് പോഗ്ബയേയും, കാമവിംഗയേയും അവർ നോട്ടമിട്ടിരിക്കുന്നതിലൂടെ വ്യക്തമായിക്കഴിഞ്ഞു. അതേ സമയം പോൾ പോഗ്ബയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനും ആഗ്രഹമുണ്ടെങ്കിലും അടുത്ത വർഷം ഫ്രീ ഏജന്റാവുമ്പോൾ താരത്തെ സ്വന്തമാക്കാനാണ് അവർ താല്പര്യപ്പെടുന്നത്. ഇത് കൊണ്ടു തന്നെ ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ പോഗ്ബയെ സ്വന്തമാക്കാൻ പി എസ് ജിക്ക് മറ്റുള്ള ക്ലബ്ബുകളിൽ നിന്ന് മത്സരങ്ങൾ നേരിടേണ്ടി വരില്ല.
കാമവിംഗയും ഏറെക്കുറെ സമാനമായ അവസ്ഥയിലാണ് ഇപ്പോൾ. റെന്നസുമായി കരാർ പുതുക്കാൻ താല്പര്യപ്പെടാത്ത അദ്ദേഹത്തിനെ ഏകദേശം 30 മില്ല്യൺ യൂറോക്ക് വിൽക്കാൻ ക്ലബ്ബ് തയ്യാറാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.