Football in Malayalam

ഒബാമയാങ് ഇനി ആഴ്‌സണൽ ജേഴ്‌സിയണിയില്ല, ജനുവരിയിലെ ട്രാൻസ്‌ഫറും പ്രതിസന്ധിയിൽ

Sreejith N
Arsenal v Watford - Premier League
Arsenal v Watford - Premier League / Visionhaus/GettyImages
facebooktwitterreddit

അച്ചടക്കരഹിതമായ പെരുമാറ്റത്തിന്റെ പേരിൽ ആഴ്‌സണൽ നായകസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട പിയറെ എമറിക്ക് ഒബാമയാങ് ഇനി ആഴ്‌സണൽ ജേഴ്‌സിയണിയാനുള്ള സാധ്യതയില്ല. ആഴ്‌സണലിനു വേണ്ടി അവസാന മത്സരം കളിച്ച് വിടപറയാനുള്ള അവസരം പോലും താരത്തിന് ലഭിക്കില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം ആഴ്‌സണൽ നായകസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടതിനു ശേഷം ഒരു മത്സരം പോലും ഒബാമയാങ് കളിച്ചിട്ടില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള ഗാബോൺ ടീമിനൊപ്പം ചേരാൻ വേണ്ടി നേരത്തെ പുറപ്പെട്ട താരം ഇന്നു രാത്രി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ സ്‌ക്വാഡിലുമുണ്ടാകില്ല.

ഇതെല്ലാം താരം ജനുവരിയിൽ ക്ലബ് വിടാനുള്ള സാധ്യത തുറക്കുന്നുണ്ടെങ്കിലും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഭാഗമായുള്ള ഇന്റർനാഷണൽ ഡ്യൂട്ടി താരത്തിനായി മുന്നോട്ടു വരാൻ ക്ലബുകൾ മടിച്ചു നിൽക്കാൻ കാരണമാകുന്നുണ്ട്. ജനുവരി പത്തിനാരംഭിക്കുന്ന ടൂർണമെന്റിൽ നിന്നും ഗാബോൺ നേരത്തെ പുറത്തായാൽ മാത്രമേ താരത്തിന്റെ ട്രാൻസ്‌ഫർ നടക്കാൻ സാധ്യതയുള്ളൂ.

നാല് വർഷത്തോളമായി ആഴ്‌സണലിനൊപ്പമുള്ള ഒബാമയാങിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിൽ നിന്നും ലാ ലീഗയിൽ നിന്നുമുള്ള നിരവധി ക്ലബുകൾക്ക് താൽപര്യമുണ്ട്. എന്നാൽ താരത്തിന് തന്റെ അമ്മയുടെ രാജ്യമായ ഫ്രാൻസിലേക്ക് ചേക്കേറാനാണു താൽപര്യം എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതു കഴിഞ്ഞാൽ താരം പരിഗണിക്കുന്നത് സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളെയാണ്.

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും 2018ലാണ് ഒബാമയാങ് ആഴ്‌സണലിലേക്ക് ചേക്കേറുന്നത്. ക്ലബിന്റെ എക്കാലത്തെയും വലിയ ട്രാൻസ്ഫറുകളിൽ ഒന്നായ ഗാബോൺ താരം 163 മത്സരങ്ങൾ കളിച്ച് 92 ഗോളുകളും എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit