Serie A

പതിനൊന്നു വർഷത്തിനു ശേഷം എസി മിലാന് സീരി എ കിരീടം, മികച്ച വിജയം നേടിയിട്ടും ഇന്റർ രണ്ടാമത്

Sreejith N
AC Milan Won Serie A 2021-22
AC Milan Won Serie A 2021-22 / Jonathan Moscrop/GettyImages
facebooktwitterreddit

പതിനൊന്നു വർഷത്തെ ഇടവേളക്കു ശേഷം ഇറ്റാലിയൻ ലീഗ് കിരീടത്തിൽ മുത്തമിട്ട് എസി മിലാൻ. അവസാന ലീഗ് മത്സരം വരെ സീരി എ കിരീടപ്പോരാട്ടം നീണ്ടപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ സാസുവോളക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയാണ് എസി മിലാൻ സീരി എ കിരീരം സ്വന്തമാക്കിയത്.

കിരീടം സ്വന്തമാക്കണമെങ്കിൽ അവസാന മത്സരത്തിൽ വിജയം നേടണമെന്ന അവസ്ഥയിൽ ഇന്നലെ ഇറങ്ങിയ മിലാൻ വളരെ ആധികാരികമായാണ് സാസുവോളയെ കീഴടക്കിയത്. ഫ്രഞ്ച് സ്‌ട്രൈക്കറായ ഒലിവർ ജിറൂദ് ഇരട്ടഗോളുകൾ നേടിയപ്പോൾ ഫ്രാങ്ക് കെസീയാണ് എസി മിലാന്റെ മറ്റൊരു ഗോൾ നേടിയത്. മുപ്പത്തിയാറാം മിനുട്ടിൽ തന്നെ മിലാൻ മൂന്നു ഗോളുകളും നേടിയിരുന്നു.

38 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുപത്തിയാറ് ജയവും എട്ടു സമനിലയും നാല് തോൽവിയും വഴങ്ങി എൺപത്തിയാറു പോയിന്റ് നേടിയാണ് മിലാൻ വിജയം കുറിച്ചത്. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ സാംപ്‌ദോറിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിട്ടും ഇന്റർ മിലാന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. 84 പോയിന്റാണ് ഇന്റർ മിലാൻ നേടിയത്.

2014-15 സീസണിൽ ലീഗിൽ പത്താം സ്ഥാനത്തേക്കു വരെ വീണു പോയ ടീമായ എസി മിലാന് അതിനു ശേഷം കുറെ വർഷങ്ങൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും കഴിഞ്ഞിരുന്നില്ല. എന്നാൽ സ്റ്റെഫാനോ പിയോളിയുടെ കീഴിൽ തിരിച്ചു വന്ന മിലാൻ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചതിനു പുറമെ സീരി എയും സ്വന്തമാക്കി. പിയോളിയുടെയും ആദ്യത്തെ സീരി എ കിരീടം തന്നെയാണിത്.

റാഫേൽ ലിയോ, തിയോ ഹെർണാണ്ടസ്, സാൻഡ്രോ ടോണാലി, ഫിക്കായോ ടോമോറി ഫ്രാങ്ക് കെസി, തുടങ്ങിയ യുവതാരങ്ങളും സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഒലിവർ ജിറൂദ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെയും ഒത്തിണക്കി സീരി എ വിജയം നേടാൻ കഴിഞ്ഞ മിലാന് അടുത്ത സീസണിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും യൂറോപ്പിലും കുതിപ്പു കാണിക്കാൻ കഴിയുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു..

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit