മധ്യനിര സുശക്തമാക്കാൻ എസി മിലാൻ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാൻ ബാഴ്സലോണ


കളിക്കളത്തിലും പുറത്തും വളരെ പ്രതിസന്ധിയിലൂടെ കടന്നു പോയ ഒരു സീസണായിരുന്നു ബാഴ്സലോണക്ക് ഇത്തവണ ഉണ്ടായിരുന്നതെങ്കിലും സാവി പരിശീലകനായി എത്തിയതിനു ശേഷം ടീമിന്റെ നിലവാരം ഉയർന്നിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. സാമ്പത്തിക പ്രതിസന്ധികളുടെ ഇടയിലും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏതാനും താരങ്ങളെ സ്വന്തമാക്കി ടീമിന്റെ കരുത്തു വർധിപ്പിക്കാനും അവർക്കു കഴിഞ്ഞു.
അടുത്ത സീസണു മുന്നോടിയായി സമ്മർ ജാലകത്തിൽ ടീമിനെ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളുമായാണ് ബാഴ്സലോണ മുന്നോട്ടു പോകുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ തന്നെ ഫ്രീ ട്രാൻസ്ഫറിൽ താരങ്ങളെ സ്വന്തമാക്കുക എന്നതാണു ബാഴ്സലോണയുടെ പ്രധാന ലക്ഷ്യം. അടുത്ത സീസണിൽ ഇത്തരത്തിൽ സ്വന്തമാക്കാൻ ലക്ഷ്യമിട്ട താരങ്ങളിൽ എസി മിലാന്റെ ഫ്രാങ്ക് കെസീയുമുണ്ടെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.
Barcelona are 'in pole position' to sign AC Milan midfielder Franck Kessie as he resists offers to renew his contract https://t.co/pez41T4Qfk
— MailOnline Sport (@MailSport) February 10, 2022
സമ്മർ ജാലകത്തിൽ ടീമിന്റെ ആക്രമണനിരയും മധ്യനിരയും പ്രതിരോധവും ശക്തിപ്പെടുത്താൻ ബാഴ്സലോണ നേതൃത്വം ഒരുങ്ങിയിരിക്കെയാണ് എസി മിലാൻ മിഡ്ഫീൽഡർക്കായും ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നത്. എസി മിലാനെ ഇറ്റലിയിൽ വീണ്ടും പ്രബലരാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഐവറി കോസ്റ്റ് താരം പുതിയ കരാർ ഒപ്പിടാൻ വിസമ്മതിച്ചു നിൽക്കെ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ റാഞ്ചാമെന്ന പ്രതീക്ഷ ബാഴ്സക്കുണ്ട്.
ട്രാൻസ്ഫർമാർക്കറ്റിൻെറ കണക്കുകൾ പ്രകാരം നാല്പതു മില്യൺ യൂറോ മൂല്യമുള്ള താരത്തെ ബുസ്ക്വസ്റ്റ്സിന്റെ പകരക്കാരനായി ഉപയോഗിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സാവി. ബുസ്ക്വറ്റ്സിൽ സാവിക്ക് ഇപ്പോഴും വിശ്വാസമുണ്ടെങ്കിലും മുപ്പത്തിനാലു വയസുള്ള താരത്തിൽ നിന്നും ബാഴ്സക്ക് കൂടുതൽ പ്രതീക്ഷിക്കാൻ കഴിയില്ല. ബോക്സ് ടു ബോക്സ് ആയി കളിക്കുന്ന കെസീ ടീമിലെത്തുന്നത് സാവിയുടെ ടീമിന് പുതിയൊരു ദിശാബോധം നൽകും.
കഴിഞ്ഞ സീസണിൽ പതിനാലും ഈ സീസണിലും അഞ്ചും തവണ വല കുലുക്കിയ കെസീ ടീമിനു ഗോളുകളും ഉറപ്പു നൽകുന്നുണ്ട്. എന്നാൽ ഫ്രീ ട്രാൻസ്ഫറിൽ സമ്മറിൽ ലഭ്യമായ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി, ലിവർപൂൾ എന്നിവർ ശ്രമം നടത്തുന്നത് ബാഴ്സയുടെ നീക്കങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.