Transfers

നെയ്‌മറെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാർക്ക് താൽപര്യം

Sreejith N
AC Milan Interested In Signing Neymar
AC Milan Interested In Signing Neymar / Kenta Harada/GettyImages
facebooktwitterreddit

പിഎസ്‌ജി മുന്നേറ്റനിര താരമായ നെയ്‌മർ ജൂനിയറെ സ്വന്തമാക്കാൻ കഴിഞ്ഞ സീസണിൽ സീരി എ കിരീടം നേടിയ എസി മിലാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ. തങ്ങളുടെ പ്രതാപകാലം തിരിച്ചു പിടിക്കാൻ ശ്രമം നടത്തുന്ന എസി മിലാൻ അതിനു സഹായിക്കുന്ന ഒരു വമ്പൻ സൈനിങ്‌ എന്ന നിലയിലാണ് നെയ്‌മറെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത്.

പിഎസ്‌ജിയിൽ നെയ്‌മർ വരുന്ന സീസണിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ ഉയരുന്നുണ്ട്. എംബാപ്പെ വമ്പൻ പ്രതിഫലം വാങ്ങി കരാർ പുതുക്കിയതിനു ശേഷം ടീമിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി നെയ്‌മറും പുറത്തു പോകുമെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് താരത്തിനു വേണ്ടി ക്ലബുകൾ ശ്രമം ആരംഭിച്ചത്.

ബ്രസീലിയൻ മാധ്യമമായ യുഒഎൽ എസ്പോർട്ടെയാണ് മിലാൻ നെയ്‌മർക്കു വേണ്ടി ശ്രമങ്ങൾ ആരംഭിച്ചുവെന്ന് വ്യക്തമാക്കിയത്. ഇറ്റലിയിലെ വമ്പന്മാർ തിരിച്ചുവെന്നുവെന്ന സന്ദേശം ഫുട്ബോൾ ലോകത്തിനു നൽകാൻ നെയ്‌മറെ ടീമിലെത്തിക്കുമെന്ന് മിലാൻ ഉറപ്പിച്ചു നിൽക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രണ്ടു വർഷം കൂടി പിഎസ്‌ജി കരാറിൽ നെയ്‌മർക്ക് ബാക്കി നിൽക്കുന്നുണ്ടെങ്കിലും താരത്തിനായി മുടക്കിയ റെക്കോർഡ് തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷ പിഎസ്‌ജിക്കില്ല. എങ്കിലും ഒരു ഉയർന്ന ഫീസ് തന്നെ താരത്തിനായി അവർ ചോദിക്കുമെന്ന് ഉറപ്പാണ്. പുതിയ ഉടമകൾ ഏറ്റെടുത്ത മിലാന് ഈ തുക അപ്രാപ്യമായ ഒന്നായിരിക്കില്ല.

നെയ്‌മർ മിലാനിൽ എത്തിയാൽ ഇറ്റാലിയൻ ക്ലബിനു വേണ്ടി കളിച്ച നിരവധി ബ്രസീലിയൻ ഇതിഹാസങ്ങൾക്കൊപ്പം താരവും ചേരും. കക്ക, റൊണാൾഡീന്യോ, റിവാൾഡോ, റൊണാൾഡോ എന്നീ താരങ്ങളെല്ലാം കളിച്ച മിലാനിലൂടെ സീരി എയുടെ മുഖമായി മാറാനും നെയ്‌മർക്ക് കഴിയുമെന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit