അവിശ്വസനീയ സോളോ ഗോളുമായി തിയോ ഹെർണാണ്ടസ്, പതിനൊന്നു വർഷത്തിനു ശേഷം സീരി എ കിരീടമുയർത്തുന്നതിനരികെ എസി മിലാൻ

AC Milan Close In On First Serie A Title In 11 Years
AC Milan Close In On First Serie A Title In 11 Years / Giuseppe Bellini/GettyImages
facebooktwitterreddit

ഇന്നലെ നടന്ന സീരി എ മത്സരത്തിൽ അറ്റലാന്റക്കെതിരെ വിജയം നേടിയതോടെ 11 വർഷത്തിനു ശേഷം ഇറ്റാലിയൻ ലീഗ് കിരീടം സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലെത്തി എസി മിലാൻ. രണ്ടാം പകുതിയിൽ റാഫേൽ ലിയോ, തിയോ ഹെർണാണ്ടസ് എന്നിവരുടെ ഗോളുകളിൽ വിജയം നേടിയ എസി മിലാൻ ഇനി കളിക്കാൻ ബാക്കിയുള്ള ഒരു മത്സരത്തിൽ നിന്നും ഒരൊറ്റ പോയിന്റ് നേടിയാൽ സീരി എ കിരീടം സ്വന്തമാക്കാം.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം അമ്പത്തിയാറാം മിനുട്ടിൽ റാഫേൽ ലിയോയാണ് മിലാന്റെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം എഴുപത്തിയഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസിന്റെ അവിശ്വസനീയമായ ഗോളും പിറന്നു. സ്വന്തം ബോക്‌സിനരികിൽ നിന്നും പന്തു ലഭിച്ച താരം നിരവധി അറ്റലാന്റ താരങ്ങളെ ഒറ്റക്ക് മറികടന്നു മുന്നേറിയാണ് ടീമിന്റെ വിജയം ഉറപ്പിച്ച ഗോൾ സ്വന്തമാക്കിയത്.

വിജയം നേടിയതോടെ 37 മത്സരങ്ങളിൽ നിന്നും എസി മിലാന് 83 പോയിന്റാണുള്ളത്. അത്രയും മത്സരങ്ങളിൽ നിന്നും 81 പോയിന്റ് നേടിയ ഇന്റർ മിലാനാണ് കിരീടപ്പോരാട്ടത്തിൽ മിലാനു ഭീഷണി ഉയർത്തുന്നത്. എന്നാൽ സാസുവോളക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ മിലാനു കിരീടം നേടാൻ കഴിയും. മിലാൻ സമനില നേടുകയും ഇന്റർ അടുത്ത മത്സരത്തിൽ വിജയിക്കുകയും ചെയ്‌താൽ പോയിന്റ് തുല്യമാകുമെങ്കിലും ഹെഡ് ടു ഹെഡ് ആനുകൂല്യത്തിലാണ് മിലാനു കിരീടം നേടാൻ കഴിയുക.

ഇറ്റാലിയൻ ലീഗ് കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിങ്ങിൽ തന്നെയാണ് പൂർത്തിയാവുകയെന്നും ഇതോടെ ഉറപ്പായി. എസി മിലാൻ വർഷങ്ങൾക്കു ശേഷം കിരീടമെന്ന ലക്ഷ്യത്തോടെ അവസാന ലീഗ് മത്സരത്തിൽ സാസുവോളയെ നേരിടുമ്പോൾ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ കിരീടം നിലനിർത്താനുള്ള സാധ്യതക്കായി ഇന്റർ മിലാൻ സാംപ്‌ദോറിയയെ നേരിടും. എന്നാൽ കഴിഞ്ഞ പതിനഞ്ചു മത്സരങ്ങളായി തോൽവി അറിയാതെ മുന്നേറുന്ന മിലാന്റെ കാലിടറാനുള്ള സാധ്യത വളരെ കുറവാണ്.

ഇന്റർ മിലാനും എസി മിലാനും ശക്തരായി വന്നതോടെ പത്ത് വർഷങ്ങളോളമായി തുടരുന്ന യുവന്റസിന്റെ ആധിപത്യത്തിനു കൂടിയാണ് കോട്ടം തട്ടിയിരിക്കുന്നത്. ഈ സീസണിൽ യുവന്റസ് നാപ്പോളിക്കും പുറകിൽ നാലാം സ്ഥാനത്താണ്. വരുന്ന സീസണിൽ ഇറ്റലിയിലെ കിരീടം നേടുക യുവന്റസിന് എളുപ്പമാകില്ലെന്ന് മിലാൻ ടീമുകളുടെ കുതിപ്പ് വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.