Football in Malayalam

ഗ്രീസ്മാനുമായി കരാർ ഒപ്പിട്ടില്ലായിരുന്നുവെങ്കിൽ, നെയ്മറെ ബാഴ്സലോണയിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞേനെയെന്ന് അബിദാൽ

Gokul Manthara
FC Barcelona v Paris Saint-Germain - UEFA Champions League Round of 16: Second Leg
FC Barcelona v Paris Saint-Germain - UEFA Champions League Round of 16: Second Leg / Michael Regan/Getty Images
facebooktwitterreddit

2017 ൽ ബാഴ്സലോണ വിട്ട് പി എസ് ജി യിലേക്ക് പോയ നെയ്മറെ 2019 ൽ ടീമിലേക്ക് തിരിച്ചെത്തിക്കാ‌ൻ തനിക്ക് കഴിയുമായിരുന്നുവെന്നും എന്നാൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ അന്റോയിൻ ഗ്രീസ്മാനുമായി ക്ലബ്ബ് കരാറിലെത്തിയതിനാൽ നെയ്മർക്ക് വേണ്ടിയുള്ള നീക്കം നടക്കാതെ പോവുകയായിരുന്നുവെന്നും കറ്റാലൻ ക്ലബ്ബിന്റെ മുൻ ടെക്നിക്കൽ സെക്രട്ടറിയായ എറിക് അബിദാൽ. കഴിഞ്ഞ‌ ദിവസം ടെലിഗ്രാഫിനോട് സംസാരിക്കവെയായിരുന്നു 2019 ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ ടീമിലേക്ക് തിരിച്ചെത്തിക്കാൻ ബാഴ്സലോണയ്ക്ക് കഴിയുമായിരുന്നിട്ടും അതിന് ക്ലബ്ബിന് സാധിക്കാതെ പോയതിനെക്കുറിച്ച് അബിദാൽ മനസ് തുറന്നത്.

2019 ലെ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ 10 ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ താനും, സി ഇ ഓയും പാരീസിലേക്ക് പോയെന്നും, പി എസ് ജി യുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയണാർഡോയോട് നെയ്മറെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയായിരുന്നുവെന്നും ഇതെന്നും അബിദാൽ പറയുന്നു. നെയ്മറെ ബാഴ്സലോണയിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിന് മുൻപ് അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിൻ ഗ്രീസ്മാനെ‌ തങ്ങൾ വാങ്ങിയില്ലായിരുന്നുവെങ്കിൽ നെയ്മറെ ബാഴ്സലോണയിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞേനേയെന്നും കൂട്ടിച്ചേർത്തു.

ഗ്രീസ്മാനുമായി ബാഴ്സലോണ കരാറിൽ എത്തിയില്ലായിരുന്നുവെങ്കിൽ നെയ്മറുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകുമായിരുന്നുവെന്ന് ചൂ‌ണ്ടിക്കാട്ടുന്ന അബിദാൽ, ആ സമയത്ത് നെയ്മറിനെപ്പോലൊരു‌ വിംഗറെയായിരുന്നു‌ ടീമിന് ആവശ്യമായിരുന്നതെന്നും ബാഴ്സലോണയിലായിരുന്ന‌ സമയത്ത് അതിശയകരമായ പ്രകടനമായിരു‌ന്നു അദ്ദേഹത്തിന്റേതെന്നും കൂട്ടിച്ചേർത്തു.

നെയ്മറാണോ, ഗ്രീസ്മാനാണോ മികച്ചത് എന്നതിനെക്കുറിച്ചല്ല താൻ പറയുന്നതെന്ന് അബിദാൽ ചൂണ്ടിക്കാട്ടുന്നു. ടീമിന് ഒരു മികച്ച വിംഗർ വേണ്ടിയിരുന്നതിനാലാണ് നെയ്മറെ ടീമിലെത്തിക്കാൻ താൻ താല്പര്യപ്പെട്ടിരുന്നതെന്നും എന്നാൽ ഗ്രീസ്മാനുമായി കരാറിൽ ഒപ്പിടാൻ പ്രസിഡന്റ് തീരുമാനിക്കുകയായിരുന്നുവെന്നും അബിദാൽ ഇതിനൊപ്പം വെളിപ്പെടുത്തി.

""ക്ലബ്ബിനെതിരെ കോടതിയിൽ കേസ് ഉണ്ടെന്നതായിരുന്നു നെയ്മർക്കെതിരെ ഉയർന്ന ഒരു വാദം. അതിനാൽ അദ്ദേഹത്തെ‌ ടീമിലേക്ക്‌ തിരികെയെത്തിക്കുക എളുപ്പമായിരുന്നില്ല. നെയ്മറെ മടക്കിയെത്തിക്കണമെങ്കിൽ കോടതി നടപടികൾ അവസാനിപ്പിക്കേണ്ടി വരുമെന്ന് അവർ പറഞ്ഞു. എന്നാൽ അത് എന്റെ പ്രശ്നമായിരുന്നില്ല. കാരണം ആ പ്രശ്നം നടക്കുമ്പോൾ ഞാൻ ക്ലബ്ബിൽ ഇല്ലായിരുന്നു‌. എന്റെ കാഴ്ചപ്പാടിൽ എനിക്ക് നെയ്മറുമായി കരാറിൽ ഒപ്പിടാൻ കഴിയുമായിരുന്നു‌ എന്നാൽ അത് സംഭവിച്ചില്ല.""

എറിക്ക് അബിദാൽ.
facebooktwitterreddit