Football in Malayalam

റൊണാൾഡോയും കേനും സലായുമല്ല, ഏറ്റവും കടുപ്പമേറിയ എതിരാളിയെ വെളിപ്പെടുത്തി ആഴ്‌സണൽ ഗോൾകീപ്പർ റാംസ്‌ദേൽ

Sreejith N
Aaron Ramsdale Reveals His Toughest Opponent
Aaron Ramsdale Reveals His Toughest Opponent / Shaun Botterill/GettyImages
facebooktwitterreddit

പ്രീമിയർ ലീഗിലെ സൂപ്പർതാരങ്ങളും ഗോളാടിയന്ത്രങ്ങളുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, മൊഹമ്മദ് സലാ, ഹാരി കേൻ എന്നിവരെ തഴഞ്ഞ് താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ എതിരാളിയെ തിരഞ്ഞെടുത്ത് ആഴ്‌സണൽ ഗോൾകീപ്പർ ആരോൺ റാംസ്‌ദേൽ. ലൈസ്റ്റർ സിറ്റി താരമായ ജെമീ വാർഡിയാണ് താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ കളിക്കാരനെന്ന് ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന റാംസ്‌ദേൽ പറഞ്ഞു.

ഷെഫീൽഡ് യുണൈറ്റഡിൽ നിന്നും ഈ സമ്മറിൽ ആഴ്‌സണലിൽ എത്തിയ റാംസ്‌ദേൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ സീസണിൽ ടോപ് ഫോറിലെത്തിയ ആഴ്‌സണലിന്റെ കുതിപ്പിൽ ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. 22 മത്സരങ്ങളിൽ 11 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ താരം ഈ വാരാന്ത്യം നടക്കാനിരിക്കുന്ന മത്സരത്തിൽ ലൈസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങിയിരിക്കെയാണ് ജെമീ വാർഡിയെക്കുറിച്ച് സംസാരിച്ചത്.

"എതിരെ കളിക്കാൻ എനിക്ക് ഏറ്റവും ഇഷ്‌ടമില്ലാത്ത താരം ജെമീ വാർഡിയാണ്. അയാൾ ഓട്ടം നിർത്തുകയേയില്ല. ജെമീ വാർഡി എനിക്കെതിരെ കളിക്കാനല്ല, എന്റെ ടീമിൽ കളിക്കാനാണ് എനിക്കിഷ്‌ടം. അഞ്ചു തവണ ഞാൻ വാർഡിക്കെതിരെ കളിച്ചതിൽ നാല് ഗോളുകൾ താരം നേടിയിട്ടുണ്ട്." റാംസ്‌ദേൽ പറഞ്ഞത് ഫുട്ബോൾ ലണ്ടൻ റിപ്പോർട്ടു ചെയ്‌തു.

കഴിഞ്ഞ കുറെയധികം വർഷങ്ങളായി ലൈസ്റ്റർ സിറ്റിയുടെ പ്രധാന സ്‌ട്രൈക്കറായി തുടരുന്ന മുപ്പത്തിയഞ്ചുകാരനായ ജെമീ വാർഡി 263 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 128 ഗോളുകളും 40 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ പരിക്കു മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായിട്ടും 18 മത്സരങ്ങളിൽ നിന്നും പത്തു തവണ വല കുലുക്കിയ താരം 26 മത്സരങ്ങളിൽ നിന്നും ഇംഗ്ലണ്ടിനായി ഏഴു ഗോളുകളും നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit