Football in Malayalam

'എസി മിലാൻ തന്റെ അവസാന ക്ലബ്ബായേക്കില്ല'; ഇനിയും ഏറെക്കാലം കളി തുടരുമെന്ന സൂചനകൾ നൽകി ഇബ്രാഹിമോവിച്ച്

By Gokul Manthara
AS Roma v AC Milan - Serie A
AS Roma v AC Milan - Serie A / Silvia Lore/GettyImages
facebooktwitterreddit

പ്രായം തളർത്താത്ത പോരാളിയാണ് സ്വീഡിഷ് സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌. യൂറോപ്പിലെ വിവിധ ലീഗുകളിലെ പല വമ്പൻ ക്ലബ്ബുകൾക്കായും ബൂട്ടുകെട്ടിയിട്ടുള്ള താരം നിലവിൽ തന്റെ നാൽപ്പതാം വയസിൽ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

പ്രായം നാൽപ്പത് പിന്നിട്ട ഇബ്രാഹിമോവിച്ച് 2022ൽ എസി മിലാനുമായുള്ള കരാർ അവസാനിക്കുന്നതോടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന്‌ വിരമിക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ കരുതിയിരുന്നത്. എന്നാൽ ഇപ്പോളിതാ നിലവിൽ വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും, മിലാൻ തന്റെ കരിയറിലെ അവസാന ക്ലബ്ബായിരിക്കില്ലെന്നും സൂചനകൾ നൽകി രംഗത്തു വന്നിരിക്കുകയാണ് അദ്ദേഹം‌. തനിക്ക് ഇനി തെളിയിക്കാനൊന്നും ബാക്കിയില്ലെന്ന് പറയുന്ന സ്ലാട്ടൻ, എന്നാൽ കഴിയുന്നിടത്തോളം കാലം താൻ കളിക്കളത്തിൽ തുടരുമെന്നും വ്യക്തമാക്കി‌.

നാൽപ്പത് എന്നത് ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കാൻ താൻ ശ്രമിക്കുന്നുവെന്ന് പറയുന്ന സ്ലാട്ടൻ, എല്ലാ ദിവസവും മെച്ചപ്പെടാൻ താൻ ആഗ്രഹിക്കുന്നതായും ചൂണ്ടിക്കാട്ടി. മുൻപത്തേത് പോലെ കളിക്കാൻ ഇപ്പോൾ തനിക്ക് കഴിയില്ലെന്ന് ഇതിനൊപ്പം വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ താനിപ്പോൾ കൂടുതൽ ബുദ്ധിമാനും, പരിചയസമ്പത്തുള്ളവനാണെന്നും കൂട്ടിച്ചേർത്തു.

"എന്റെ പ്രകടനത്തിൽ ഞാൻ അത്ഭുതപ്പെടുന്നില്ല‌‌. ഞാനാണ് ഏറ്റവും മികച്ചവൻ. ഞാനാണ് ഏറ്റവും മികച്ചതെങ്കിൽ അതിലെനിക്ക് അദ്ഭുതമില്ല. എനിക്ക് തെളിയിക്കാൻ ഇനിയൊന്നുമില്ല. എന്നാൽ വിരമിക്കാനും പിന്നീട് എനിക്ക് കളി തുടരാമായിരുന്നു എന്നോർത്ത് സങ്കടപ്പെടാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ പുറത്താക്കുന്നത് വരെ കളി മതിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ എല്ലാം നന്നായി പൂർത്തിയാക്കും," ടെലിഫുടിനോട് സംസാരിക്കവെ സ്ലാട്ടൻ പറഞ്ഞു.

കഴിയുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ‌ സ്ലാട്ടൻ, മിലാൻ തന്നെ ഒഴിവാക്കുകയും, കളിക്കളത്തിൽ ഇനിയും തുടരാൻ കഴിയുമെന്ന് തനിക്ക് തോന്നുകയും ചെയ്താൽ താൻ അങ്ങനെ തന്നെ ചെയ്യുമെന്നും ചൂണ്ടിക്കാട്ടി‌. മിലാനിൽ നിന്ന് പോയാലും തന്നെ മറ്റൊരു ക്ലബ്ബിൽ കണ്ടേക്കാമെന്നുള്ള ശക്തമായ സൂചനകളാണ് തന്റെ സംസാരത്തിലൂടെ സ്ലാട്ടൻ നൽകുന്നത്.

അതേ സമയം യൂറോപ്പിലെ എണ്ണം പറഞ്ഞ ക്ലബ്ബുകളായ അയാക്സ്, യുവന്റസ്, ഇന്റർമിലാൻ, ബാഴ്സലോണ, പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ എന്നിവർക്കായി ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് സ്വീഡിഷ് ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ക്ലബ്ബ് കരിയറിൽ ഇതു വരെ കളിച്ച 793 മത്സരങ്ങളിൽ നിന്ന് 486 ഗോളുകൾ നേടിയിട്ടുള്ള‌ അദ്ദേഹം 199 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.


facebooktwitterreddit