Premier League

"ഇതു ഫുട്ബോളെയല്ല"- കവാനിയുടെ ഗോൾ നിഷേധിച്ച തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

Sreejith N
Tottenham Hotspur v Manchester United - Premier League
Tottenham Hotspur v Manchester United - Premier League / Pool/Getty Images
facebooktwitterreddit

ടോട്ടനം ഹോസ്പറും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എഡിസൺ കവാനി നേടിയ ഗോൾ നിഷേധിച്ച വീഡിയോ റഫറിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. പോഗ്ബയുടെ പാസിൽ നിന്നും കവാനി നേടിയ മത്സരത്തിലെ ആദ്യഗോളാണ് അതിനു മുൻപ് നടന്ന ഫൗളിന്റെ പേരിൽ വീഡിയോ റഫറി നിഷേധിച്ചത്.

മത്സരത്തിന്റെ ആദ്യപകുതി തീരാൻ പത്ത് മിനുട്ട് ബാക്കി നിൽക്കെയാണ് യുറുഗ്വായ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. എന്നാൽ ഗോളിന് മുന്നോടിയായി നടന്ന നീക്കത്തിൽ ടോട്ടനം താരം സോണിനെ യുണൈറ്റഡ് മധ്യനിരതാരം മക്ടോമിനായ് മുഖത്ത് ഫൗൾ ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗോൾ നിഷേധിക്കപ്പെട്ടത്. ചെറിയ ഫൗൾ ആയിരുന്നെങ്കിലും റഫറി അതു പരിഗണിക്കുകയായിരുന്നു.

"ഇത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്, ഇത് ഫുട്ബോളെയല്ല. മത്സരത്തെ നശിപ്പിക്കുകയാണിത്. ഇതെനിക്ക് മനസിലാകുന്നേയില്ല. വളരെ പരിഹാസ്യമായ ഒരു തീരുമാനമായിരുന്നു ഗോൾ നിഷേധിച്ചത്. അതൊരിക്കലും ഒരു ഫൗളല്ല." സ്കൈ സ്പോർട്സിന്റെ ഫുട്ബോൾ അനലിസ്റ്റായ മൈക്ക് റിച്ചാർഡ്‌സ് മത്സരത്തിനു ശേഷം പറഞ്ഞു.

യുണൈറ്റഡിന്റെ മുൻതാരം കൂടിയായ റോയ് കീൻ തീരുമാനത്തിനെതിരെ രംഗത്തു വന്നതിനു പുറമെ സോണിനെ കളിയാക്കുകയും ചെയ്‌തു. " അത്ഭുതപ്പെട്ടു പോയി. യുണൈറ്റഡിന്റെ ഗോളിലേക്കുള്ള നീക്കത്തിലുണ്ടായത് ഒരു ഫൗളാണെങ്കിൽ നമ്മൾ വീട്ടിലേക്ക് തിരിച്ചു പോവുകയാണ് നല്ലത്. ഒരു കളിക്കാരൻ അതിനു വേണ്ടി നിലത്തു കിടന്നുരുളുന്നത് നാണക്കേടാണ്, അതൊരിക്കലും ഫൗളല്ല." കീൻ പറഞ്ഞു.

തന്റെ ഗോൾ നിഷേധിച്ചതിനോട് കളിക്കളത്തിൽ തന്നെ പ്രതികരിച്ച കവാനിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് നേടിയ മൂന്നിൽ രണ്ടു ഗോളുകൾക്കും പിന്നിൽ പ്രവർത്തിച്ചത്. താരത്തിന്റെ ഷോട്ടിൽ നിന്നുള്ള റീബൗണ്ടിൽ നിന്നും ഫ്രെഡ് ആദ്യഗോൾ നേടിയപ്പോൾ രണ്ടാമത്തെ ഗോൾ കവാനി തന്നെ സ്വന്തമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.

facebooktwitterreddit