Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടു വന്നതിന് സീരി എ ക്ലബ്ബുകൾ യുവന്റസിനോട് നന്ദി പറയണമെന്ന് ഫാബിയോ കാപ്പല്ലോ

Gokul Manthara
Cagliari Calcio  v Juventus - Serie A
Cagliari Calcio v Juventus - Serie A / Enrico Locci/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെത്തിയത് സീരി എയുടെ മുഖം മാറ്റിയതായും, അദ്ദേഹത്തെ അങ്ങോട്ടേക്ക് കൊണ്ടു വന്നതിന് മറ്റ് സീരി എ ക്ലബ്ബുകളെല്ലാം യുവന്റസിനോട് നന്ദി പറയണമെന്നും വിഖ്യാത പരിശീലകൻ ഫാബിയോ കാപ്പല്ലോ. ക്രിസ്റ്റ്യാനോ യുവന്റസിൽ ചേർന്നതിന് ശേഷം സീരി എ ലോകമെമ്പാടും ചർച്ച ചെയ്ത് തുടങ്ങിയതായി ചൂണ്ടിക്കാട്ടിയ കാപ്പല്ലോ, ലോകത്തെ ഏറ്റവും പ്രധാന ലീഗുകളിൽ ഒന്നാകാൻ റോണോയുടെ വരവ് സീരി എയെ സഹായിച്ചതായും കഴിഞ്ഞ ദിവസം സ്കൈ സ്പോർട് ഇറ്റാലിയയോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

"റൊണാൾഡോ സീരി എയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അദ്ദേഹം യുവന്റസിൽ ചേർന്നത് മുതൽ എല്ലാവരും ഇറ്റാലിയൻ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുന്നു. റോണോയുടെ വരവോടെ ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തേയോ നാലാമത്തേയോ ലീഗായി സീരി എ മാറി. റൊണാൾഡോ യുവന്റസിൽ ചേർന്നതിൽ നിന്ന് മറ്റെല്ലാ സീരി എ ക്ലബ്ബുകൾക്കും പ്രയോജനമുണ്ടായി. റോണോയെ സീരി എയിലേക്ക് കൊണ്ടു വന്നതിന് യുവന്റസിനോട് എല്ലാവരും നന്ദി പറയണം. "

ഫാബിയോ കാപ്പല്ലോ

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ പോർട്ടോക്കെതിരെ റൊണാൾഡോ നിറം മങ്ങിയതിനെക്കുറിച്ചും കാപ്പല്ലോ മനസ് തുറന്നു. പോർട്ടോ ഒരു പോർച്ചുഗീസ് ക്ലബ്ബായിരുന്നതിനാൽ അവർക്കെതിരായ മത്സരത്തിൽ റൊണാൾഡോക്ക് സമ്മർദ്ദം അനുഭവപ്പെട്ടിരിക്കാമെന്നാണ് കാപ്പല്ലോ പറയുന്നത്. തന്നെ നന്നായി അറിയാവുന്ന മുൻ സഹതാരം പെപ്പെക്കെതിരെയാണ് ഈ മത്സരത്തിൽ റോണോ കളിച്ചതെന്നും അദ്ദേഹം ഇതിനൊപ്പം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിലൊക്കെ ഉപരി സഹതാരങ്ങളിൽ നിന്ന് ആവശ്യത്തിന് സഹായം ലഭിക്കാത്തതിനാലാണ് പോർട്ടോക്കെതിരെ റോണോക്ക് തിളങ്ങാൻ കഴിയാതിരുന്നതെന്നാണ് കാപ്പല്ലോ വിശ്വസിക്കുന്നത്‌.

അതേ സമയം‌ 2018ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് ക്ലബ്ബിനൊപ്പം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. യുവന്റസ് ജേഴ്സിയിൽ കളിക്കാനിറങ്ങിയ 122 മത്സരങ്ങളിൽ 95 ഗോളുകളും, 22 അസിസ്റ്റുകളും സ്വന്തമാക്കിയ റോണോ നിലവിൽ 23 ഗോളുകളോടെ 2020-21 സീസൺ സീരി എയിലെ ടോപ് സ്കോറർ കൂടിയാണ്.

facebooktwitterreddit