Football in Malayalam

അച്ചടക്കത്തിൽ വീഴ്ച ; ഔബയെ ടോട്ടനത്തിനെതിരായ മത്സരത്തിന് തൊട്ട് മുൻപ് സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി ആഴ്സനൽ

Gokul Manthara
Olympiacos FC v Arsenal FC - UEFA Europa League
Olympiacos FC v Arsenal FC - UEFA Europa League / BSR Agency/Getty Images
facebooktwitterreddit

ടോട്ടൻഹാം ഹോട്സ്പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ സൂപ്പർ താരം പിയറി എമറിക്ക് ഔബമയാംഗിനെ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി ആഴ്സനൽ. എന്നാൽ പരിക്കോ, ഫിറ്റ്നസ് അനുബന്ധ പ്രശ്നങ്ങളോ അല്ല മറിച്ച് അച്ചടക്കപരമായ കാരണങ്ങളാലാണ് താരത്തെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഗണ്ണേഴ്സ് തഴഞ്ഞത്. മത്സരത്തിന് മുന്നോടിയായി ആഴ്സനൽ ബോസ് മൈക്കൽ അർട്ടേറ്റ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്‌.

ഔബമയാംഗ് മത്സരത്തിൽ കളിക്കാൻ പോവുകയായിരുന്നുവെന്നും എന്നാൽ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നം മൂലം അവസാന‌ നിമിഷം അദ്ദേഹത്തെ ബെഞ്ചിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആഴ്സനൽ പരിശീലകൻ അർട്ടേറ്റ മത്സരത്തിന് മുൻപ് വ്യക്തമാക്കിയത്. ഇക്കാര്യം ക്ലബ്ബിനുള്ളിൽ തങ്ങൾ ഒതുക്കുമെന്ന് സൂചന നൽകിയ അർട്ടേറ്റ, സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയ ശേഷമാണ് താരത്തിനെ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ തീരുമിച്ചതെന്നും സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.

ഔബമെയാംഗ് നടത്തിയ അച്ചടക്ക ലംഘനമെന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും ടോട്ടനത്തിനെതിരായ മത്സരത്തിനായി ആഴ്സനൽ ടീമിനൊപ്പം ചേരാൻ അദ്ദേഹം വൈകിയതാണ് കാരണമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.‌ സംഭവത്തെത്തുടർന്ന് പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഗാബോൺ താരത്തിന് പകരം അലസാന്ദ്രെ ലക്കാസറ്റെയാണ് മത്സരത്തിൽ ആഴ്സനലിന്റെ ആദ്യ ഇലവനിൽ കളിക്കാൻ ഇറങ്ങിയത്.

2020-21 സീസണിൽ ആഴ്സനലിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളിലൊരാളാണ് ഔബമയാംഗ്. സീസണിൽ ഇതു വരെ കളിച്ച 29 മത്സരങ്ങളിൽ 14 ഗോളുകൾ നേടിയ ഈ മുപ്പത്തിയൊന്നുകാരൻ, വ്യാഴാഴ്ച ഒളിമ്പ്യാക്കോസിനെതിരെ നടന്ന യൂറോപ്പ ലീഗിന്റെ ആദ്യ പാദ പ്രീക്വാർട്ടറിൽ ആഴ്സനലിന്റെ നായകനുമായിരുന്നു.

അതേ സമയം ഔബമെയാംഗിനെ ബെഞ്ചിലിരുത്തി കളിക്കാനിറങ്ങിയ മത്സരത്തിൽ ആഴ്സനൽ 2-1 ന് ടോട്ടൻഹാം ഹോട്സ്പറിനെ മറികടന്നു. മാർട്ടിൻ ഒഡെഗാർഡും, അലസാന്ദ്രെ ലക്കാസറ്റെയും വിജയികൾക്കായി ഗോളുകൾ നേടിയപ്പോൾ,എറിക്ക് ലമേലയാണ് ടോട്ടനത്തിന്റെ ഗോൾ സ്കോറർ. ഈ വിജയത്തോടെ 28 മത്സരങ്ങളിൽ 41 പോയിന്റായ ആഴ്സനൽ നിലവിൽ പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.

facebooktwitterreddit