മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകാന്‍ എറിക് ടെന്‍ ഹഗ് സമ്മതം അറിയിച്ചു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാവാന്‍ എറിക് ടെന്‍ ഹാഗ് സമ്മതം അറിയിച്ചതായി 90min വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മൂന്ന് വര്‍ഷത്തെ കരാറും അതിന് ശേഷം ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷനുമുള്ള രീതിയിലാണ് കരാര്‍ വ്യവസ്ഥ തയ്യാറാക്കിയിട്ടുള്ളത്. ഞായറാഴ്ച നടക്കുന്ന കെ.എന്‍.വി.ബി ഫൈനലിന് ശേഷമായിരിക്കും എറികിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കെ.എന്‍.വി.ബി ഫൈനലില്‍ പി.എസ്.വി ഐന്തോവനും അയാക്സും തമ്മിലാണ് കിരീടത്തിനായി മത്സരിക്കുന്നത്. അതിനാല്‍ ഫൈനലിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമാകാമെന്നാണ് യുണൈറ്റഡിന്റെ തീരുമാനം. പുതിയ സൈനിങ്ങുകള്‍, റിലീസുകള്‍, കരാര്‍ പുതുക്കലുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും പരിശീലകന്റെ അഭിപ്രായത്തിന് പ്രാധന്യമുണ്ടാവുമെന്ന് ടെൻ ഹാഗിന് യുണൈറ്റഡ് ഉറപ്പ് നൽകിയിട്ടുണ്ട്.
യുണൈറ്റഡ് മുന്നോട്ട് വെച്ച കരാര്‍ വ്യവസ്ഥകളില്‍ ഡച്ച്കാരന് സന്തുഷ്ടനാണെന്നാണ് വിവരം. കരാര്‍ മൂന്ന് വര്‍ഷത്തേക്കാണെങ്കിലും ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ പരിശീലക വേഷത്തില്‍ തിളങ്ങുകയാണെങ്കില്‍ ടെൻ ഹാഗിന്റെ കരാര്‍ പുതുക്കാൻ സാധ്യതയുണ്ടെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു.
നിലവില്‍ താല്‍ക്കാലിക പരിശീലകന് റാല്‍ഫ് റാങ്നിക്കിന്റെ കീഴിലാണ് യുണൈറ്റഡ് കളിക്കുന്നത്.എന്നാല്‍ റാങ്നിക്കിന് കീഴില്‍ അത്ര മികച്ച നിലയിലല്ല യുണൈറ്റഡ്.
ഞായറാഴ്ചയുള്ള അയാക്സിന്റെ മത്സരം കഴിഞ്ഞാലുടന്‍ പുതിയ പരിശീലകന്റെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. ഡച്ച് ലീഗിലും അയാക്സ് എറികിന് കീഴില്‍ കിരീടപ്രതീക്ഷയിലാണ്. ലീഗില്‍ അഞ്ച് മത്സരം ബാക്കിയുള്ളപ്പോള്‍ രണ്ടാം സ്ഥാനക്കാരേക്കാള്‍ നാലു പോയിന്റ് മുന്നിലാണ് അയാക്സ്.