Football in Malayalam

90Min Exclusive : ഹാരി കെയിൻ വിൽപ്പനക്കില്ല, കരാർ പുതുക്കാൻ ടോട്ടനത്തിന്‌ താല്പര്യം

Gokul Manthara
Tottenham Hotspur v Burnley - Premier League
Tottenham Hotspur v Burnley - Premier League / Pool/Getty Images
facebooktwitterreddit

വരുന്ന സമ്മറിൽ തങ്ങളുടെ സൂപ്പർ താരം ഹാരി കെയിനുമായി പുതിയ കരാറിൽ ഒപ്പുവെക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പറിന് താല്പര്യം. ഈ‌ സീസണ് ശേഷം ഹാരി കെയിൻ ടോട്ടനം വിട്ടേക്കുമെന്നുള്ള വാർത്തകൾ ശക്തമായിരിക്കവെയാണ് താരത്തെ വിൽക്കാനുള്ള പദ്ധതികൾ ക്ലബ്ബിനില്ലെന്നും പകരം അദ്ദേഹത്തെ പുതിയ കരാർ നൽകി ടീമിൽ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും 90 Min ന് സൂചനകൾ ലഭിച്ചിരിക്കുന്നത്.

തുടർച്ചയായ രണ്ടാം സീസണിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ടോട്ടനം പരാജയപ്പെട്ടതിൽ കെയിൻ അസ്വസ്ഥനാണെന്നാണ് സൂചനകൾ. ഇതിനൊപ്പം പ്രീമിയർ ലീഗിലും ക്ലബ്ബിന്റെ പ്രകടനങ്ങളുടെ ഗ്രാഫ് താഴേക്ക് പോയത് ടോട്ടനം വിടുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ 2024 വരെ ക്ലബ്ബുമായി കരാറുള്ള ഹാരി കെയിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, പി എസ് ജി, എന്നീ ക്ലബ്ബുകളാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

എന്നാൽ ലോകഫുട്ബോളിലെ പല വമ്പൻ ക്ലബ്ബുകളും പണം വാരിയെറിഞ്ഞ് ഈ ഇംഗ്ലീഷ് മുന്നേറ്റ താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടെങ്കിലും താരത്തെ വിൽക്കാൻ ടോട്ടൻഹാം ഹോട്സ്പറിന്റെ ചെയർമാനായ ഡാനിയൽ ലെവിക്ക് യാതൊരു വിധ ഉദ്ദേശ്യവുമില്ലെന്നാണ് ക്ലബ്ബ് വൃത്തങ്ങൾ 90Min നോട് പറഞ്ഞത്. കെയിൻ ക്ലബ്ബിൽ തുടരുമെന്ന് വിശ്വസിക്കുന്ന ടോട്ടനം, 150 മില്ല്യൺ പൗണ്ടിന്റെ ഓഫർ വന്നാലും അദ്ദേഹത്തെ വിൽക്കില്ലെന്ന നിലപാടിലാണ്.‌

നേരത്തെ 2011 ൽ ടോട്ടൻഹാമിലെത്തിയ ഹാരി കെയിൻ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളികാരിലൊരാൾ കൂടിയാണ്‌. ടോട്ടനത്തിനായി കളത്തിലിറങ്ങിയ 329 മത്സരങ്ങളിൽ നിന്ന് 217 ഗോളുകളും, 46 അസിസ്റ്റുകളുമാണ് ഹാരി കെയിൻ നേടിയിട്ടുള്ളത്. 2020-21 സീസണിലും മികച്ച ഫോമിൽ കളിക്കുന്ന ഈ ഇരുപത്തിയേഴുകാരൻ ഇക്കുറി കളിച്ച 42 മത്സരങ്ങളിൽ 29 ഗോളുകൾ നേടിയതിനൊപ്പം 16 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit