Football in Malayalam

90Min Exclusive : ഹാലൻഡ് ആഴ്ചയിൽ 600,000 പൗണ്ട് ശമ്പളം ആവശ്യപ്പെടുന്നെന്ന വാർത്തകൾ വ്യാജം

Gokul Manthara
Borussia Dortmund v Sport-Club Freiburg - Bundesliga
Borussia Dortmund v Sport-Club Freiburg - Bundesliga / Lars Baron/Getty Images
facebooktwitterreddit

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളായ എർലിംഗ് ഹാലൻഡ്, അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെയെല്ലാം നോട്ടപ്പുള്ളിയായിരിക്കുമെന്ന കാര്യം ഉറപ്പാണ്‌. ഭാവിയിൽ ലോക ഫുട്ബോളിനെ ഭരിക്കാൻ പോകുന്ന താരങ്ങളിലൊരാളായിരിക്കുമെന്ന് കരുതപ്പെടുന്ന ഹാലൻഡ് വമ്പൻ ഡിമാൻഡുകളാണ് തന്റെ ട്രാൻസ്ഫർ നടക്കുന്നതിന് മുന്നോട്ട് വെക്കുന്നതെന്നും, 600,000 പൗണ്ട് പ്രതിവാര ശമ്പളമാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു‌. ഇത്ര വലിയ തുക‌ പ്രതിവാര ശമ്പളമായി ഹാലൻഡ് ആവശ്യപ്പെടുന്നെന്ന വാർത്ത ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്നലെ 90 Min നോട് സംസാരിച്ച, ഹാലൻഡിന്റെ ക്യാമ്പിനോട് അടുത്ത വൃത്തങ്ങൾ താരം‌ 600,000 പൗണ്ട് പ്രതിവാര ശമ്പളം ആവശ്യപ്പെട്ടെന്ന വാർത്തകൾ പാടേ തള്ളിക്കളഞ്ഞു. ഏത് ക്ലബ്ബാണ് തനിക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്യുന്നതെന്ന് ഹാലൻഡ് നോക്കുന്നില്ലെന്നും മറിച്ച് ഓരോ ക്ലബ്ബിന്റേയും ദീർഘകാല പ്രോജക്ട് മാത്രം പരിശോധിച്ച് ഓഫർ സ്വീകരിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതികളെന്നും 90 Minനോട് സംസാരിക്കവെ, താരത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ലോക ഫുട്ബോളിലെ ഇപ്പോളത്തെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളായ ഹാലൻഡിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നീ ക്ലബ്ബുകൾക്കെല്ലാം താല്പര്യമുണ്ടെന്നാണ് സൂചന. ഇതിൽ റയൽ മാഡ്രിഡുമായും, ബാഴ്സലോണയുമായും താരത്തിന്റെ പ്രതിനിധികൾ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ചകളും നടത്തിയിരുന്നു.

അതേ‌ സമയം 2024 വരെ തങ്ങളുമായി കരാറുള്ള എർലിംഗ് ഹാലൻഡിന ഈ സമ്മറിൽ വിൽക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് തയ്യാറാകില്ലെന്ന് ഇതിനിടെ റിപ്പോർട്ടുകൾ‌ വന്നിട്ടുണ്ട്.‌ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ജെർമ്മൻ ക്ലബ്ബിന്റെ‌ സ്പോർട്ടിംഗ് ഡയറക്ടറായ സോർക്ക് ആയിരുന്നു ഹാലൻഡിനെ ഈ‌ സമ്മറിൽ വിൽക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗിന്റെ അടുത്ത സീസണിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ ഹാലൻഡിനെ‌ വിൽക്കാൻ അവർ നിർബന്ധിതരാകുമെന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

facebooktwitterreddit