പ്രീമിയർ ലീഗ് ടീമുകൾക്ക് മറുപണി കൊടുത്ത് ബ്രസീലിയൻ എഫ് എ; അഞ്ച് ദിന നിയമം ഏർപ്പെടുത്തും

ഈയാഴ്ച നടക്കാനിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ എട്ട് ബ്രസീലിയൻ താരങ്ങൾക്ക് അവരുടെ ക്ലബ്ബുകൾക്കായി കളിക്കാനാവില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് താരങ്ങളെ അയക്കാത്ത ക്ലബ്ബുകൾക്ക് മേൽ 5 ഡേ റൂൾ (5 ദിന നിയമം) ഏർപ്പെടുത്താൻ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചതാണ് ഇതിന് കാരണം. ലിവർപൂളും, മാഞ്ചസ്റ്റർ സിറ്റിയുമടക്കമുള്ള ടീമുകൾക്ക് തിരിച്ചടി നൽകുന്ന കാര്യമാണിത്.
ഏറ്റവും പുതിയ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് തങ്ങളുടെ താരങ്ങളെ പിൻവലിക്കാൻ പ്രീമിയർ ലീഗ് ടീമുകൾ തീരുമാനിച്ചതോടെ ബ്രസീൽ വെട്ടിലായിരുന്നു. ഇതോടെ ലിവർപൂളിന്റെ അലിസൺ ബെക്കർ, ഫാബീഞ്ഞോ, റോബർട്ടോ ഫിർമീന്യോ മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ, ഗബ്രിയേൽ ജീസസ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡ്, ലീഡ്സിന്റെ റാഫീഞ്ഞ, ചെൽസിയുടെ തിയാഗോ സിൽവ എന്നിവർക്ക് ദേശീയ ടീമിനൊപ്പം കളിക്കാനെത്താൻ കഴിഞ്ഞില്ല. ഇതിൽ രോഷാകുലരായാണ് ഇപ്പോൾ ഈ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് മേൽ 5 ഡേ റൂൾ ഏർപ്പെടുത്താനുള്ള നീക്കം ബ്രസീലിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ എവർട്ടണുമായി ബ്രസീൽ എഫ് എക്ക് മികച്ച ബന്ധമുള്ളതിനാൽ അവരുടെ ബ്രസീലിയൻ താരമായ റിച്ചാർലിസണ് ഈയാഴ്ച ക്ലബ്ബിനായി കളിക്കുന്നതിന് തടസങ്ങളൊന്നുമില്ല
BREAKING: Five PL clubs are set to be without Brazilian players between September 10th-14th with the Brazilian FA applying the 5 day ban rule.
— Footy Accumulators (@FootyAccums) September 8, 2021
Everton can select Richarlison due to good relations with the Brazilian FA.
(Paul Joyce) pic.twitter.com/jJnRua69TA
കൃത്യമായ കാരണമില്ലാതെ അന്താരാഷ്ട്ര ഡ്യൂട്ടിക്ക് വിട്ടു നൽകാത്ത താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾ അവസാനിച്ചതിന് ശേഷം അഞ്ച് ദിവസത്തേക്ക് അവരുടെ ക്ലബ്ബുകൾക്കായും കളിക്കുന്നതിൽ നിന്ന് വിലക്കാൻ സഹായിക്കുന്നതാണ് 5 ഡേ റൂൾ. ഇവിടെ തങ്ങൾക്കായി കളികാരെ വിട്ടു നൽകാത്ത പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ 5 ഡേ റൂൾ പ്രയോഗിക്കാനാണ് ബ്രസീൽ എഫ് എ തീരുമാനിച്ചിരിക്കുന്നത്. ഇത് മൂലം സെപ്റ്റംബർ 10 മുതൽ 14 വരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ മേൽപ്പറഞ്ഞ എട്ട് ബ്രസീലിയൻ താരങ്ങൾക്കും അവരുടെ ക്ലബ്ബുകൾക്കായി കളിക്കാനാവില്ല.
അതേ സമയം 5 ഡേ റൂൾ(അഞ്ച് ദിവസത്തെ നിയമം) പാലിക്കാൻ ക്ലബ്ബുകൾ വിസമ്മതിക്കുകയാണെങ്കിൽ ഫിഫയുടെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 22 പ്രകാരം യോഗ്യതയില്ലാത്ത ഒരു താരം കളിക്കുന്ന ഏത് മത്സരവും ആ ടീം പരാജയപ്പെട്ടതായി കണക്കാക്കും. ക്ലബ്ബുകൾക്ക് ഇതിനൊപ്പം പിഴ ഏർപ്പെടുത്തുകയും, കളികാർക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും.