പ്രീമിയർ ലീഗിലെ 'ബിഗ് സിക്സിന്' പുറത്തുള്ള ഏറ്റവും മൂല്യമേറിയ 4 താരങ്ങൾ

ലോക ഫുട്ബാളിലെ ഏറ്റവും മികച്ച ലീഗായി - അല്ലെങ്കിൽ ഏറ്റവും മികച്ചതിൽ ഒന്നായി - കണക്കാക്കപ്പെടുന്നതാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ബിഗ് സിക്സ് എന്നറിയപ്പെടുന്ന ആഴ്സനൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ എന്നീ ക്ലബുകൾ മത്സരിക്കുന്ന പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും കൂടുതൽ പിന്തുടരപ്പെടുന്ന ഫുട്ബോൾ ലീഗ് കൂടിയാണ്.
ലീഗിലെ ഏറ്റവും മികച്ച താരങ്ങൾ മിക്കതും 'ബിഗ് സിക്സ്' ക്ലബുകളിൽ ആണെങ്കിൽ, വളരെയധികം പ്രഗത്ഭരായ നിരവധി താരങ്ങൾ മറ്റു ക്ലബുകളിലുമുണ്ട്. പ്രീമിയർ ലീഗിലെ 'ബിഗ് സിക്സ്' ക്ലബുകൾക്ക് പുറത്ത് കളിക്കുന്ന ഏറ്റവും മൂല്യമേറിയ നാല് താരങ്ങളെയാണ് നാം ഇന്നിവിടെ പരിശോധിക്കുന്നത്.
1. ഡെക്ലാൻ റൈസ് (വെസ്റ്റ് ഹാം യുണൈറ്റഡ്) - €70 മില്യൺ
കഴിഞ്ഞ സീസണിലും 2020 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ച വെച്ച ഡെക്ലാൻ റൈസിൽ നിരവധി പ്രീമിയർ ലീഗ് വമ്പന്മാർക്ക് താല്പര്യമുണ്ട്.
പ്രീമിയർ ലീഗിലെ എറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഈ 22കാരൻ വേണ്ടി വമ്പൻ ക്ലബ്ബുകൾ വരി നിൽക്കുന്ന കാലം ഇനി വിദൂരമല്ല.
2. വിൽഫ്രഡ് എൻഡിഡി (ലെസ്റ്റർ സിറ്റി) - €60 മില്യൺ
ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി പരക്കെ വാഴ്ത്തപ്പെടുന്ന വിൽഫ്രഡ് എൻഡിഡി ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഒരു പോലെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ലെസ്റ്റർ സിറ്റിക്ക് വേണ്ടിയുള്ള താരത്തിന്റെ പ്രകടനങ്ങൾ നിരവധി മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്, അതിനാൽ തന്നെ അധിക കാലം താരത്തെ ടീമിൽ നിലനിറുത്താൻ ലെസ്റ്ററിന് കഴിയുമോ എന്നത് സംശയമാണ്.
3. യൂറി ടിലെമാൻസ് (ലെസ്റ്റർ സിറ്റി) - €55 മില്യൺ
ഈ പട്ടികയിലെ മറ്റൊരു മധ്യനിരതാരവും എൻഡിഡിയുടെ സഹതാരവുമായ യൂറി ടിലെമാൻസ് ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച യുവ കളിക്കാരിലൊരാളായി പേരെടുത്ത് കഴിഞ്ഞു. നിരവധി മുൻനിര ടീമുകളുടെ റഡാറിൽ ഉള്ള താരത്തെ, അടുത്ത് തന്നെ വലിയൊരു ക്ലബ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
4. റിച്ചാർലിസൺ (എവർട്ടൺ) - €55 മില്യൺ
ഈയടുത്തകാലത്ത് ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം പ്രതിഫലനം സൃഷ്ടിച്ച ബ്രസീലിയൻ യുവതാരങ്ങളിൽ ഒരാളാണ് റിച്ചാർലിസൺ. യൂറോപ്പിലെ ചില വമ്പൻ ക്ലബുകൾക്ക് കഴിഞ്ഞ സമ്മറിൽ താരത്തിൽ താല്പര്യമുണ്ടായിരുന്നു എന്നത് ഇത് വ്യക്തമാക്കുന്നു.