Football in Malayalam

10 പുതുമുഖങ്ങൾ; ഒമാൻ, യുഎഇ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

By Gokul Manthara
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

ഈ മാസാവസാനം ഒമാൻ, യു എ ഇ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ഇന്ന് പ്രഖ്യാപിച്ച 35 അംഗ ടീമിൽ 10 പുതുമുഖങ്ങളും ഇടം പിടിച്ചു എന്നതാണ് ശ്രദ്ധേയം. ഈ മാസം 13 ന് നടക്കാനിരിക്കുന്ന ഐ എസ് എൽ ഫൈനലിന്‌ ശേഷം 28 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കുമെന്നും തുടർന്ന് 15-ം തീയതി മുതൽ ദുബായിൽ പരിശീലന ക്യാമ്പ് ആരംഭിക്കുമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുൽ കെപി, മഷൂർ ഷരീഫ്, ആഷിഖ് കുരുനിയൻ എന്നിവരാണ് 35 അംഗ ടീമിൽ ഇടം പിടിച്ച മലയാളി താരങ്ങൾ. എന്നാൽ പരിക്കിനെത്തുടർന്ന് മറ്റൊരു മലയാളി സൂപ്പർ താരമായ സഹൽ അബ്ദുൾ സമദിനെ ടീമിലേക്ക് പരിഗണിച്ചില്ല. സഹലിന് പുറമേ ബ്രാണ്ടൻ ഫെർണാണ്ടസ്, രാഹുൽ ഭേക്കെ, ആശിഷ് റായ് എന്നിവർക്കും പരിക്ക് മൂലം ടീമിൽ ഇടം ലഭിച്ചില്ല‌.

ഈ മാസം 25ന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൗഹൃദ മത്സരം. തുടർന്ന് 29ന് യു എ ഇയേയും അവർ നേരിടും. 2019 നവംബറിന് ശേഷം ഇന്ത്യ കളിക്കാനൊരുങ്ങുന്ന ആദ്യ അന്താരാഷ്ട്ര മത്സരങ്ങൾ കൂടിയാണിത്.

ഇന്ത്യയുടെ 35 അംഗ ടീം ഇങ്ങനെ:

ഗോൾകീപ്പർമാർ - ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, സുഭാശിഷ് റോയ് ചൗധരി, ധീരജ് സിംഗ്, വിശാൽ കെയ്ത്ത്

ഡിഫൻഡർമാർ - സെറിട്ടൺ ഫെർണാണ്ടസ്, അശുതോഷ് മെഹ്ത, ആകാശ് മിശ്ര, പ്രിതം കോട്ടൽ, സന്ദേശ് ജിങ്കൻ, ചിംഗ്ലെൻസന സിംഗ്, സാർതക് ഗോല്യു, ആദിൽ ഖാൻ, മന്ദർ റാവു ദേശായ്, പ്രബീർ ദാസ്, മഷൂർ ഷെരീഫ്.

മിഡ്ഫീൽഡർമാർ - ഉദാന്ത സിംഗ്, റൗളിൻ ബോർജസ്, ലാലെംഗ് മാവിയ, ജീക്സൺ സിംഗ്, റെയ്നിയർ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ, ബിപിൻ സിംഗ്, യാസിർ മൊഹമ്മദ്, സുരേഷ് സിംഗ്, ലിസ്റ്റൺ കൊളാക്കോ, ഹളിചരൺ നർസാരി, ലാലിൻസുവാല ചാംഗ്തെ, ആശിഖ് കുരുനിയൻ, രാഹുൽ കെപി, ഹിതേഷ് ശർമ്മ, ഫറൂഖ് ചൗധരി.

ഫോർവേഡ്സ് - മൻവീർ സിംഗ്, സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത.

facebooktwitterreddit