യൂറോപ്പിൽ നിന്നും പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനാവുക മൂന്നു ടീമുകൾക്ക്, മത്സരങ്ങളുടെ വിവരങ്ങൾ അറിയാം


ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സെർബിയയോട് തോറ്റതോടെ അടുത്ത വർഷം ഖത്തറിൽ വെച്ചു നടക്കുന്ന ടൂർണമെന്റിനു യോഗ്യത നേടണമെങ്കിൽ പോർച്ചുഗൽ പ്ലേ ഓഫ് കളിക്കേണ്ട അവസ്ഥയാണുള്ളത്. യൂറോപ്പിൽ നിന്നും പന്ത്രണ്ടു ടീമുകൾ കളിക്കുന്ന പ്ലേ ഓഫിലൂടെ ലോകകപ്പിനു യോഗ്യത നേടാൻ കഴിയുക മൂന്നു ടീമുകൾക്ക് മാത്രമാണ് എന്നിരിക്കെ ലോകകപ്പ് യോഗ്യത പോർച്ചുഗലിനെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയാണ്.
ലോകകപ്പ് യോഗ്യത ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ പത്തു ടീമുകൾക്കൊപ്പം യുവേഫ നാഷൻസ് ലീഗിലെ ഗ്രൂപ്പിൽ വിജയിച്ച രണ്ടു ടീമുകൾ കൂടി ചേരും. ഈ രണ്ടു ടീമുകൾ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ രണ്ടാം സ്ഥാനം പോലും നേടാൻ കഴിയാത്തവരും ആയിരിക്കും. ഇങ്ങിനെ വരുന്ന പന്ത്രണ്ടു ടീമുകളാണ് ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള അവസാനഘട്ടത്തിൽ പോരാടുക.
ഈ പന്ത്രണ്ടു ടീമുകളെ നാല് ടീമുകൾ വീതമുള്ള മൂന്നു ഗ്രൂപ്പുകൾ ആയി തരം തിരിക്കും. ഓരോ ഗ്രൂപ്പിലും ഈ ടീമുകൾ തമ്മിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. ഇത്തരത്തിൽ ഗ്രൂപ്പുകളിൽ നടക്കുന്ന ഫൈനലുകളിൽ വിജയം നേടുന്ന മൂന്നു ടീമുകളാണ് ലോകകപ്പിനു യോഗ്യത നേടുക. യോഗ്യത ഗ്രൂപ്പിലെ മികച്ച ആറു രണ്ടാം സ്ഥാനക്കാരുടെ സ്ഥാനം നറുക്കെടുപ്പിൽ സീഡ് ചെയ്യും, മറ്റ് ആറു ടീമുകൾ സീഡ് ചെയ്യപ്പെടില്ല.
ലോകകപ്പിനു യൂറോപ്പിൽ നിന്നും യോഗ്യത നേടാനുള്ള പ്ലേ ഓഫ് മത്സരങ്ങളുടെ നറുക്കെടുപ്പ് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വെച്ച് നവംബർ 26നാണ് നടക്കുക. ഫിഫ ഒഫിഷ്യൽ വെബ്സൈറ്റ് വഴി നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും. ലോകകപ്പ് പ്ലേ ഓഫ് സെമി ഫൈനൽ പോരാട്ടങ്ങൾ മാർച്ച് 24, 25 തീയതികളിലും ഫൈനൽ പോരാട്ടങ്ങൾ മാർച്ച് 28, 29 തീയതികളിലും നടക്കും.
യുവേഫ പ്ലേ ഓഫുകൾക്കു പുറമെ ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫറുകൾ മറ്റു യോഗ്യത നേടാനുള്ള മറ്റു രണ്ടു ടീമുകളെ തിരഞ്ഞെടുക്കാൻ വേണ്ടി നടക്കും. കോൺമെബോൾ, കോൺകാഫ്, ഒഎഫ്സി എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് ഇതിനായി പോരാടുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.