ഓഫ്സൈഡുകൾ ഓട്ടോമാറ്റിക്കായി കണ്ടുപിടിക്കാൻ കഴിവുള്ള സംവിധാനം വരുന്നു; 2022ലെ ഖത്തർ ലോകകപ്പിൽ ഉപയോഗിക്കുമെന്ന് സൂചന

ഓഫ്സൈഡുകൾ ഓട്ടോമാറ്റിക്കായി കണ്ടു പിടിക്കാൻ കഴിവുള്ള തങ്ങളുടെ പുതിയ സാങ്കേതികവിദ്യ 2022ലെ ഖത്തർ ലോകകപ്പിൽ ഉപയോഗപ്പെടുത്താൻ സജ്ജമാണെന്ന് ഫിഫയെ അറിയിച്ച് ഹോക്-ഐ. ഫുട്ബോളിൽ പലപ്പോളും വലിയ വിവാദങ്ങൾക്ക് കാരണമാകാറുള്ള ഓഫ്സൈഡുകൾ തെറ്റില്ലാതെ കണ്ടെത്താൻ സഹായിക്കുന്ന ഇത്തരത്തിലൊരു സാങ്കേതികവിദ്യ അടുത്ത ലോകകപ്പിന് മുന്നോടിയായി തയ്യാറാകുമെന്ന കാര്യത്തിൽ നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ലോകകപ്പിലേക്ക് ഒരു വർഷത്തോളം സമയം ബാക്കി നിൽക്കെ ഈ സംവിധാനം ഉപയോഗത്തിന് ലഭ്യമായിരിക്കുന്നത് ഫിഫയെ സംബന്ധിച്ചിടത്തോളം ശുഭ വാർത്തയാണ്.
ഇഫാബിന്റെ (ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്) ടെക്നിക്കൽ, ഫുട്ബോൾ പാനലുകളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഓട്ടോമാറ്റിക്കായി ഓഫ്സൈഡുകൾ കണ്ടു പിടിക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും, ഫലങ്ങളും, ഫിഫ അവരെ കാണിക്കുമെന്നാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
Would you be in favour of an automated offside system? ?
— 90min (@90min_Football) October 26, 2021
വിഎആറിലേക്ക് ഒരു മെസജ് അയച്ചു കൊണ്ടാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. ഇതോടെ ഓഫ്സൈഡ് താരം കളിയിൽ ഇടപെടുന്നുണ്ടോയെന്ന് വിലയിരുത്താൻ അവർക്ക് കഴിയും. ക്യാമറകളും കമ്പ്യൂട്ടറുകളും പന്തിനെ ട്രാക്ക് ചെയ്യുമ്പോൾ ബാൾ കിക്ക് ചെയ്യുന്ന സമയത്ത് ഒരു കളിക്കാരൻ ഓഫ്സൈഡാണോയെന്ന് നിർണയിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാവും.
അതേ സമയം, ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന നാല് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ഹോം സ്റ്റേഡിയങ്ങളിൽ സ്കെൽറ്റൽ ട്രാക്കിംഗ് ഉപയോഗിച്ച് ഈ പുതിയ സംവിധാനത്തിന്റെ ട്രയൽസുകൾ ഹോക്-ഐ സംഘടിപ്പിക്കുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരിയിൽ യു എ ഇ യിൽ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പിലും ഈ സംവിധാനം ഫിഫ പ്രയോജനപ്പെടുത്തുമെന്നാണ് സൂചനകൾ.
ഈയൊരു സംവിധാനം ഇറ്റാലിയൻ ലീഗിലെ ഇരുപത് ക്ലബ്ബുകളിലും വന്നു കഴിഞ്ഞെന്നും അതിനാൽ 2021-22 സീസണിന്റെ രണ്ടാം പകുതിയിൽ സീരി എയിലും ഇത് ഉപയോഗിച്ചേക്കുമെന്നുമാണ് സൂചന. എന്നാൽ കുറഞ്ഞത് 2023-24 വരെയെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സംവിധാനം ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ.