World News

ഖത്തർ ലോകകപ്പിൽ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി ഫിഫ

Vaisakh. M
FIFA will use new technology to help with offside decisions at the 2022 World Cup
FIFA will use new technology to help with offside decisions at the 2022 World Cup / MLADEN ANTONOV/GettyImages
facebooktwitterreddit

ഖത്തർ 2022 ലോകകപ്പിൽ തങ്ങളുടെ പുതിയ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഫിഫ സ്ഥിരീകരിച്ചു.

ഫിഫയുടെ റഫറിയിംഗ് മേധാവി പിയർലൂജി കോളിന വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് മത്സരത്തിൽ “വേഗതയേറിയതും കൂടുതൽ കൃത്യവുമായ തീരുമാനങ്ങളെടുക്കുന്നതിന്” കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ ടെക്നോളജി നടപ്പിലാക്കാൻ വേണ്ടി സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ താഴെ 12 ക്യാമറകൾ ഘടിപ്പിക്കും. ഈ ക്യാമറകൾ പന്ത് ട്രാക്ക് ചെയ്യാനും, ഓരോ കളിക്കാരന്റെയും 29 ഡാറ്റ പോയിന്റുകൾ വരെ സെക്കൻഡിൽ 50 തവണ ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്നു. പന്തിന്റെയും കളിക്കാരുടെയും കൃത്യമായ പൊസിഷൻ മനസിലാക്കാൻ ഇത് സഹായിക്കുന്നു.

അതേ സമയം, നേരിയ ഓഫ്‌സൈഡ് സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ സഹായിക്കാൻ പന്തിന്റെ മധ്യത്തിൽ ഒരു സെൻസർ ഘടിപ്പിക്കുകയും ചെയ്യും. പന്തിനുള്ളിലെ സെൻസർ സെക്കൻഡിൽ 500 തവണ ഡാറ്റ അയയ്‌ക്കുന്നു. ഇത് ഓഫ്‌സൈഡ് തീരുമാനങ്ങൾക്കായി കിക്ക് പോയിന്റ് കൃത്യമായി കണ്ടെത്താൻ അനുവദിക്കുന്നു.

ഈ വിവരങ്ങളെല്ലാം ഉപയോഗിച്ച് വിഎആർ (വീഡിയോ അസിസ്റ്റന്റ് റഫറി) കൂടുതൽ അറിവോടെയുള്ള തീരുമാനമെടുക്കുമെന്ന് ഉറപ്പാക്കുമെന്നും കോളിന കൂട്ടിച്ചേർത്തു.

"ടെസ്റ്റിംഗ് ഒരു വലിയ വിജയമാണ്. ഖത്തറിൽ റഫറിമാരെയും അസിസ്റ്റന്റ് റഫറിമാരെയും കളിക്കളത്തിൽ ഏറ്റവും മികച്ചതും ശരിയായതുമായ തീരുമാനം എടുക്കാൻ സഹായിക്കുന്നതിന് ഞങ്ങൾക്ക് വളരെ വിലപ്പെട്ട പിന്തുണാ ഉപകരണം ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," അദ്ദേഹം പറഞ്ഞു.

ശേഖരിച്ച ഡാറ്റകളെല്ലാം സംയോജിപ്പിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചും ഈ സാങ്കേതികവിദ്യ ഒരു കളിക്കാരന് ഓഫ്‌സൈഡ് പൊസിഷനിൽ പന്ത് ലഭിക്കുമ്പോഴെല്ലാം വീഡിയോ ഓപറേഷൻ റൂമിലുള്ള വീഡിയോ ഒഫീഷ്യൽസിന് ഒരു ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് അലേർട്ട് നൽകും. വീഡിയോ മാച്ച് ഉദ്യോഗസ്ഥർ ഇത് സ്വമേധയാ പരിശോധിച്ച് ഒരു കളിക്കാരൻ ഓഫ്‌സൈഡാണോ എന്ന് പിച്ചിലെ റഫറിയെ അറിയിക്കുകയും ചെയ്യുന്നു.

ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ടിവിയിലും വലിയ സ്‌ക്രീനുകളിലും കാണിക്കുന്ന ഒരു ചെറിയ 3D ആനിമേഷനിലൂടെ ആരാധകർക്ക് തീരുമാനത്തിന്റെ കാരണം അറിയാനും സാധിക്കും.


facebooktwitterreddit