2022 ഫൈനലിസിമ: ചരിത്രം, വേദി, സമയം, ഇന്ത്യയിലെ ടെലികാസ്റ്റ് വിവരങ്ങൾ
By Sreejith N

ക്ലബ് ഫുട്ബോൾ സീസൺ അവസാനിച്ചതിനു തൊട്ടു പിന്നാലെ ഫുട്ബോൾ ആരാധകരിൽ ആവേശം നിറച്ച് വളരെക്കാലത്തിനു ശേഷം കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ഇത്തവണ ഒരേ സമയത്ത് നടന്ന കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂർണമെന്റുകളിൽ വിജയം നേടിയ അർജന്റീനയും ഇറ്റലിയും തമ്മിലാണ് 2022 ഫൈനലിസിമ എന്ന പേരിട്ടിട്ടുള്ള മത്സരത്തിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നത്.
എന്താണ് 2022 ഫൈനലിസിമ?
ലാ ഫൈനലിസിമ ചരിത്രത്തിൽ മുൻപു നടന്നിട്ടുള്ള പോരാട്ടത്തിന്റെ ആവർത്തനം തന്നെയാണ്. കോപ്പ അമേരിക്ക ചാമ്പ്യൻമാരും യൂറോപ്യൻ ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുകയെന്ന ആശയം ആദ്യമായി വന്നത് 1980ലാണെങ്കിലും അർടെമോ ഫ്രാഞ്ചി കപ്പ് എന്നു പേരിൽ ഈ മത്സരം ആദ്യമായി നടന്നത് 1985ലാണ്. അന്ന് യൂറോ കപ്പ് ജേതാക്കളായ ഫ്രാൻസ് കോപ്പ അമേരിക്ക ജേതാക്കളായ യുറുഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി കിരീടം സ്വന്തമാക്കി.
അതിനു ശേഷം സമാനമായ മറ്റൊരു ടൂർണമെന്റ് നടക്കാൻ എട്ടു വർഷങ്ങൾ വേണ്ടി വന്നു. എന്നാൽ അത്തവണ വിജയം ലാറ്റിനമേരിക്കൻ ടീമിന്റെ കൂടെയായിരുന്നു. അർജന്റീനയും ഡെന്മാർക്കും തമ്മിൽ നടന്ന മത്സരം രണ്ടു ടീമും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടുകയാണുണ്ടായത്.
കോൺഫെഡറേഷൻസ് കപ്പ് ആരംഭിച്ചതോടെയാണ് കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള പോരാട്ടത്തിന് അവസാനമായത്. 2019ൽ കോൺഫെഡറേഷൻസ് കപ്പ് അവസാനിപ്പിക്കാൻ ഫിഫ തീരുമാനിച്ചതോടെ 2021ൽ കോൺമെബോളും യുവേഫയും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച് ഒപ്പുവെച്ച ഉടമ്പടിയിലൂടെ വീണ്ടും കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ പോരാട്ടം ഉയർത്തെണീറ്റു വന്നു.
ഫൈനലിസിമ എന്നു പേരിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിൽ നടക്കുന്ന മത്സരത്തിൽ തൊണ്ണൂറു മിനുട്ടാണ് രണ്ടു ടീമുകളും തമ്മിൽ പോരാടുക. അതിനു ശേഷം മത്സരം സമനിലയിൽ തന്നെയാണെങ്കിലും നേരെ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി വിജയികളെ തീരുമാനിക്കും. എക്‌സ്ട്രാ ടൈം ഉണ്ടാകില്ല. മത്സരം 90 മിനുട്ട് മാത്രമേ ഉള്ളുവെങ്കിലും അഞ്ചു പകരക്കാരെ അനുവദിക്കും. ഫിഫ അംഗീകാരമുള്ള ടൂർണമെന്റ് ആയതിനാൽ തന്നെ ഇതിലെ വിജയം ഒരു പ്രധാന കിരീടമാകുമെന്നാണ് റിപ്പോർട്ടുകൾ.
2022 ഫൈനലിസിമയുടെ വേദി?
യൂറോ കപ്പ് ഫൈനൽ നടന്ന ഇംഗ്ലണ്ടിലെ വെംബ്ലി മൈതാനത്തു വെച്ചു തന്നെയാണ് ഇറ്റലിയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടാൻ പോകുന്നത്.
2022 ഫൈനലിസിമയുടെ സമയം?
ഇന്ത്യൻ സമയം ജൂൺ 1നു രാത്രി 12.15നാണു 2022 ഫൈനലിസിമ ആരംഭിക്കുക.
2022 ഫൈനലിസിമയുടെ ടെലികാസ്റ്റ് വിവരങ്ങൾ
ഇന്ത്യയിൽ സോണി ടെൻ വൺ, സോണി ടെൻ വൺ എച്ച്ഡി എന്നീ ചാനലുകളിലും സോണിലൈവ്, ജിയോ ടിവി എന്നീ ആപ്പുകൾ വഴിയും ഫൈനലിസിമ മത്സരം കാണാൻ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.