Top Stories

2022 ഫൈനലിസിമ: അർജന്റീനയുടെയും ഇറ്റലിയുടെയും സാധ്യതാ ഇലവൻ

Sreejith N
2022 Finalissima: Argentina, Italy Possible Lineup
2022 Finalissima: Argentina, Italy Possible Lineup / Juan Manuel Serrano Arce/GettyImages
facebooktwitterreddit

വളരെ വർഷങ്ങൾക്കു ശേഷമാണ് കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് വിജയികളും തമ്മിലുള്ള പോരാട്ടം ഈ വർഷം നടക്കാൻ പോകുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന, യൂറോ കപ്പ് വിജയം നേടിയ ഇറ്റലി എന്നിവർ ഇന്നു രാത്രി നടക്കുന്ന പോരാട്ടത്തിൽ ലാ ഫൈനലിസിമ കിരീടത്തിനു വേണ്ടി ഇംഗ്ലണ്ടിലെ വെംബ്ലിയിലാണ് പരസ്‌പരം ഏറ്റുമുട്ടുന്നത്.

അർജന്റീനക്കും ഇറ്റലിക്കും ഫൈനലിസിമ പോരാട്ടം വളരെ നിർണായകമായ ഒന്നാണ്. നിരവധി വർഷങ്ങൾ ഒരു കിരീടമില്ലാതെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ അർജന്റീന കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലാണ് അതിന്റെ ക്ഷീണം മാറ്റിയത്. ബ്രസീലിന്റെ മണ്ണിൽ വെച്ച് കോപ്പ അമേരിക്ക കിരീടമുയർത്തിയ അർജന്റീനക്ക് രാജ്യത്തിനായി മറ്റൊരു കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് ഇന്നു രാത്രി നടക്കുന്ന മത്സരം.

അതേസമയം നിരാശയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഇറ്റലിക്ക് അതിനെ മറികടക്കാനുള്ള അവസരമാണ് ഫൈനലിസിമ. യൂറോ കപ്പ് നേടിയെങ്കിലും അതിനു ശേഷം ലോകകപ്പ് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടത് ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു. അതിന്റെ നിരാശയെ മറികടന്ന് പുതിയൊരു തുടക്കം ലഭിക്കാൻ ഈ കിരീടം ഇറ്റലിക്ക് വേണം.

അർജന്റീനയും ഇറ്റലിയും തമ്മിൽ ഏറ്റു മുട്ടുമ്പോൾ ഏതെങ്കിലും ടീമിന് മുൻതൂക്കമുണ്ടെന്ന് വിലയിരുത്താൻ കഴിയില്ലെങ്കിലും ലയണൽ മെസിയുടെ സാന്നിധ്യം അർജന്റീനക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. 31 മത്സരങ്ങളായി അർജന്റീന പരാജയം അറിഞ്ഞിട്ടുമില്ല. അതേസമയം മികച്ച ആക്രമണ ഫുട്ബോൾ കാഴ്‌ച വെക്കുന്ന ഇറ്റലിക്ക് സൗത്ത് അമേരിക്കൻ ചാമ്പ്യന്മാർക്ക് വെല്ലുവിളി ഉയർത്താൻ കഴിയും.

അർജന്റീന ടീമിൽ ഫുൾ ബാക്കായ മാർക്കോസ് അക്യൂന പരിക്കു മൂലം കളിക്കാനുള്ള സാധ്യതയില്ല. സെവിയ്യ താരത്തിനു പകരം അയാക്‌സിന്റെ നിക്കോളാസ് ടാഗ്ലിയാഫികോ ഇറങ്ങാനാണ് സാധ്യത. അതേസമയം ലോകകപ്പ് പ്ലേ ഓഫിൽ നോർത്ത് മാസിഡോണിയയോട് തോൽവി വഴങ്ങിയ ഇറ്റാലിയൻ ടീമിൽ നിന്നും മാറ്റങ്ങൾ മാൻസിനി വരുത്താനുള്ള സാധ്യതയുണ്ട്.

അർജന്റീന സാധ്യത ഇലവൻ

ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്

പ്രതിരോധനിര: മോളിന, റൊമേരോ, ഒട്ടമെൻഡി, ടാഗ്ലിയാഫികോ

മധ്യനിര: ഡി പോൾ, ഗുയ്‌ഡോ റോഡ്രിഗസ്, ലൊ സെൽസോ

മുന്നേറ്റനിര: മെസി, ലൗടാരോ, ഡി മരിയ

ഇറ്റലി സാധ്യത ഇലവൻ

ഗോൾകീപ്പർ: ഡോണറുമ്മ

പ്രതിരോധനിര: ഡി ലോറെൻസോ, ബൊനൂച്ചി, കില്ലിനി, എമേഴ്‌സൺ

മധ്യനിര: ബാരെല്ല, ജോർജിന്യോ, വെറാറ്റി

മുന്നേറ്റനിര: ബെർണാർഡെഷി, സ്‌കാമാക്കാ, ഇൻസിനെ

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit