2021 പുഷ്‌കാസ് അവാര്‍ഡിനുള്ള ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2021ലെ ഫിഫയുടെ പുഷ്‌കാസ് അവാര്‍ഡിന് വേണ്ടിയുള്ള ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. അവാസന മൂന്നില്‍ എത്തിയ മൂന്ന് താരങ്ങളെയാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ടോട്ടന്‍ഹാമിന്റെ അര്‍ജന്റീനന്‍ താരം എറിക് ലമേല, ചെക്ക് റിപ്പബ്ലിക് താരം പാട്രിക് ഷിക്ക്, ഇറാനിയന്‍ താരം മെഹ്ദി തരീമി എന്നിവരുടെ ഗോളുകളാണ് അവസാന മൂന്നില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 17ന് ഫിഫയുടെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.
അവസാന മൂന്നിൽ ഉൾപ്പെട്ടിട്ടുള്ള മൂന്ന് ഗോളുകൾ ഇവ:
1. ആഴ്‌സനലിനെതിരേ എറിക് ലമേയുടെ ഗോള്‍
പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരേയുള്ള മത്സരത്തിലായിരുന്നു ലമേലയുടെ ഗോള്‍ പിറന്നത്. ആഴ്‌സനലിന്റെ ബോക്‌സില്‍ നിന്ന് ലമേല തൊടുത്ത റബോണ കിക്ക് ഗോളില്‍ കലാശിക്കുകയായിരുന്നു.
2. പാട്രിക് ഷിക്കിന്റെ യൂറോ കപ്പില്‍ സ്‌കോട്‌ലന്‍ഡിനെതരേയുള്ള ഗോള്‍
യൂറോ കപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരേയുള്ള മത്സരത്തിലായിരുന്നു ചെക്ക് റിപ്പബ്ലികിന് വേണ്ടി പാട്രിക് ഷിക്ക് അത്ഭുത ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റിയാണെന്ന് മനസിലാക്കിയ ഷിക്ക് മധ്യനിരയില്‍ നിന്നായിരുന്നു പന്ത് വലയിലെത്തിച്ചത്.
3. മെഹ്ദി തരീമിയുടെ ചെല്‍സിക്കെതിരേയുള്ള ചാംപ്യന്‍സ് ലീഗ് ഗോള്‍
ചെല്‍സിക്കെതിരേയുള്ള ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിലായിരുന്നു പോര്‍ട്ടോ താരമായിരുന്ന മെഹ്ദി തരീമിയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്. വലത് വിങ്ങില്‍ നിന്ന് ഉയര്‍ന്ന് വന്ന പന്തിനെ ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിച്ചായിരുന്നു തരീമി മികച്ച ഗോള്‍ സ്വന്തമാക്കിയത്. ചെല്‍സി ഗോള്‍ കീപ്പര്‍ മെന്‍ഡിക്ക് കാഴ്ചക്കാരനായി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.