ബാലൺ ഡി ഓർ 2020: മെസ്സിയേക്കാൾ കൂടുതൽ സാധ്യത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്, പക്ഷെ മുന്നിൽ ലെവൻഡോസ്കി

Cristiano Ronaldo, Lionel Messi
Real Madrid v Barcelona - La Liga | Gonzalo Arroyo Moreno/Getty Images

ബാഴ്സലോണയുടെ താരം ലയണൽ മെസ്സി ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാനുള്ള സാധ്യതകൾ കുറവ്‌. ഇക്കുറി ലാലീഗയിൽ കളിച്ച 27 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാനായത്. മുൻ സീസണുകളെ വെച്ച് നോക്കുമ്പോൾ മെസ്സിക്ക് അത്ര മികച്ച സീസണല്ല ഇത്തവണത്തെയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു‌. 2019-20 സീസണിലെ ലാലീഗ കിരീടം ബാഴ്സ നേടാനും സാധ്യതകൾ കുറവാണ്‌‌. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോൾ മെസിക്ക് തന്റെ ഏഴാം ബാലൺ ഡി ഓർ നേടാൻ ഈ വർഷം കഴിഞ്ഞേക്കില്ലെന്ന് തന്നെയാണ് കരുതേണ്ടത്.

സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ സാധ്യത കൽപ്പിക്കുന്ന ആദ്യ 20 താരങ്ങളുടെ പട്ടിക എല്ലാ ആഴ്ചകളിലും 'ഗോൾ' പുറത്ത് വിടാറുണ്ട്. ഈയാഴ്ച അവർ പുറത്ത് വിട്ട പട്ടികയിൽ മെസ്സി നാലാം സ്ഥാനത്തേക്ക് വീണു. ലിസ്റ്റിൽ ഏറ്റവും ശ്രദ്ധേയം മെസ്സിയുടെ ഏറ്റവും ശക്തനായ എതിരാളിയായി ഫുട്ബോൾ ലോകം കണക്കാക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ അർജന്റൈൻ താരത്തേക്കാൾ മുന്നിലുണ്ടെന്നതാണ്. മെസ്സി നാലാമതുള്ള ലിസ്റ്റിൽ റൊണാൾഡോയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്.

അതേ സമയം, ബയേൺ മ്യൂണിക്കിന്റെ പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിക്കാണ് ബാലൺ ഡി ഓർ ജേതാവാകാൻ ഇക്കുറി ഗോൾ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത്. സീസണിൽ ബയേണിന് വേണ്ടി പുറത്തെടുക്കുന്ന മാസ്മരിക പ്രകടനങ്ങളാണ് ലെവൻഡോസ്കിയെ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഗോളിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യതാപ്പട്ടികയിൽ മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡി ബ്രൂയിനുണ്ട്. ലയണൽ മെസ്സി, തോമസ് മുള്ളർ, കരീം ബെൻസേമ, നെയ്മർ, എർലിംഗ് ഹളണ്ട്, കെയ്ലിൻ എംബാപ്പെ, ജേഡൻ സാഞ്ചോ എന്നിവരാണ് ലിസ്റ്റിൽ യഥാക്രമം 4 മുതൽ 10 വരെ സ്ഥാനങ്ങളിൽ.