ഫിഫ ലോകകപ്പ് ഖത്തർ 2022: പ്രാഥമിക ഘട്ട ടിക്കറ്റ് വിൽപ്പനയിൽ ഒന്നരക്കോടിയിലധികം അപേക്ഷകൾ

FBL-FIFA-ARAB-CUP-CEREMONY
FBL-FIFA-ARAB-CUP-CEREMONY / KARIM SAHIB/GettyImages
facebooktwitterreddit

ചരിത്രത്തിലാദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കുന്ന ലോകകപ്പിന്റെ ഭാഗമാകാനുള്ള ലോകമെമ്പാടുമുള്ള ആരാധകരുടെ താൽപര്യം പ്രകടമാക്കി ഖത്തർ ലോകകപ്പ് 2022നുള്ള പ്രാഥമിക ഘട്ട ടിക്കറ്റ് വിൽപ്പനയിൽ ഒന്നരക്കോടിയിലധികം അപേക്ഷകൾ. ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിന് അവസാനിച്ച ഒന്നാം ഘട്ട വിൽപ്പനയിലാണ് 1.7 കോടിയിലധികം അപേക്ഷകൾ ലഭിച്ചത്.

ഡിസംബർ 18നു ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഫൈനൽ പോരാട്ടത്തിനുള്ള ടിക്കറ്റിനാണ് ഏറ്റവുമധികം അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 18 ലക്ഷം ആളുകൾ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റിനു വേണ്ടി മാത്രം അപേക്ഷ നൽകി. ഖത്തർ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, യുഎഇ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകർ.

അതേസമയം ഈ അപേക്ഷ നൽകിയവർക്കെല്ലാം ടിക്കറ്റ് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ആദ്യഘട്ടത്തിൽ വിൽപ്പനക്കു വെച്ച ടിക്കറ്റുകളെക്കാൾ അപേക്ഷ ലഭിച്ചാൽ നറുക്കെടുപ്പ് നടത്തിയാകും ടിക്കറ്റുകൾ അനുവദിക്കുകയെന്നു ഫിഫ വ്യക്തമാക്കിയിരുന്നു. മാർച്ച് എട്ടിനാണ് ആരാധകരുടെ അപേക്ഷയെ സംബന്ധിച്ച വിവരം ഫിഫ നൽകുക.

അതിനു ശേഷം ഒരു നിശ്ചിത തീയതി മുതൽ ഫിഫ ബാക്കിയുള്ള ടിക്കറ്റുകളും വിൽപ്പനക്കു വെക്കും. ഈ ഘട്ടത്തിൽ ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന നിലയിലാകും ടിക്കറ്റ് നൽകുക. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ആകുമെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോ ആവർത്തിച്ചു വ്യക്തമാക്കിയ ഖത്തർ ലോകകപ്പ് 2022 നവംബർ 21ന് ആരംഭിച്ച് ഡിസംബർ 18 വരെയാണ് നടക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.