Football in Malayalam

ഉദ്ഘാടന മത്സരം കളിക്കാനൊരുങ്ങുന്ന വെനസ്വേല ടീമിലെ 12 പേർക്ക് കോവിഡ്; കോപ്പ അമേരിക്കയിൽ പ്രതിസന്ധി അവസാനിക്കുന്നില്ല

Gokul Manthara
FBL-COPA AMERICA-2019-BRA-PER-TROPHY
FBL-COPA AMERICA-2019-BRA-PER-TROPHY / LUIS ACOSTA/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ബ്രസീലിനെ നേരിടാൻ തയ്യാറെടുക്കുന്ന വെനസ്വേല ടീമിലെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് ബ്രസീലിയയിലെ ഹെൽത്ത് സെക്രട്ടറിയേറ്റ് ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കിക്കോഫിലേക്ക് ഒരു‌ദിവസം മാത്രം ബാക്കി നിൽക്കുമ്പോളും ടൂർണമെന്റുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ അവസാനിക്കാത്തത് കോപ്പ അമേരിക്കയുടെ സംഘാടകരായ കോൺമെബോളിന് നൽകുന്ന തലവേദന ചെറുതൊന്നുമല്ല.

വെനസ്വേല ‌ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരിൽ കളിക്കാരും സ്റ്റാഫുകളുമുണ്ടെന്നാണ് പുറത്ത് വരുന്ന‌ വിവരം. എന്നാൽ എത്ര കളിക്കാരാണ് കോവിഡ് പോസിറ്റീവായതെന്ന കൃത്യമായ കണക്ക് ഇതു വരെ പുറത്ത് വന്നിട്ടില്ല. കോവിഡ് ബാധിതരായ മുഴുവൻ പേരും നിലവിൽ ഐസൊലേഷനിലാണ്.‌

കോവിഡിനെത്തുടർന്നും, കോവിഡ് പോസിറ്റീവായ സഹകളിക്കാരനുമായുള്ള സമ്പർക്കം മൂലവും ടൂർണമെന്റിൽ നിന്ന് പുറത്താകുന്നവർക്ക് പകരക്കാരായി എത്ര പേരെ വേണമെങ്കിലും (പരിധിയില്ലാത്ത പകരക്കാരെ) ടീമിൽ ഉൾപ്പെടുത്താൻ ടീമുകളെ അനുവദിക്കുമെന്ന് ടൂർണമെന്റിന്റെ സംഘാടകർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു‌. ഇത് കൊണ്ടു തന്നെ വെനസ്വേലൻ ക്യാമ്പിൽ കൂട്ടത്തോടെ കോവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും ടൂർണമെന്റിന്റെ ആദ്യ മത്സരം മാറ്റിവെക്കാൻ സാധ്യതയില്ല. എങ്കിലും ടൂർണമെന്റിന് തൊട്ടു മുൻപ് ഇത്തരത്തിൽ ടീം ക്യാമ്പിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് സംഘാടകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

അതേ സമയം ഒട്ടേറെ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് ഈ വർഷത്തെ കോപ്പ അമേരിക്ക നാളെ ബ്രസീലിൽ ആരംഭിക്കാനൊരുങ്ങുന്നത്. ടൂർണമെന്റിന്റെ വേദിയായി ബ്രസീലിനെ തിരഞ്ഞെടുത്തതിനെ ചുറ്റിപ്പറ്റിയുള്ള ‌വിവാദങ്ങൾ കഴിഞ്ഞ ദിവസം കോടതി വരെയെത്തിയിരുന്നു‌. ടൂർണമെന്റ് രാജ്യത്ത് സംഘടിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടിയും, തൊഴിലാളി സംഘടനകളും കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും ഈ ഹർജി ബ്രസീൽ കോടതി തള്ളിക്കളയുകയായിരുന്നു‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit