Football in Malayalam

ഈ സീസണു ശേഷം ഫ്രീ ഏജന്റാവുന്ന 10 പ്രധാന താരങ്ങളും അവരെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബുകളും

Sreejith N
FC Barcelona v Real Madrid - Spanish Copa del Rey
FC Barcelona v Real Madrid - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

കോവിഡ് മഹാമാരി ഫുട്ബോൾ ക്ലബുകളിൽ വമ്പൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതു കൊണ്ടു തന്നെ വലിയ തുക മുടക്കി താരങ്ങളെ സ്വന്തമാക്കാൻ പല ക്ലബുകൾക്കും കഴിയുന്നില്ലെന്നതിനു പുറമെ നിലവിൽ കരാർ അവസാനിക്കുന്ന പ്രധാന താരങ്ങൾക്ക് കരാർ പുതുക്കി നൽകാൻ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മറ്റു സമ്മർ ട്രാൻസ്‌ഫർ ജാലകങ്ങളെ അപേക്ഷിച്ച് ഇത്തവണ നിരവധി പ്രധാന താരങ്ങൾ ക്ലബ് വിടാനൊരുങ്ങി നിൽക്കയാണ്. ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന പത്ത് സൂപ്പർ താരങ്ങളും അവർ ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളുമാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

10. ജെറോം ബോട്ടെങ് (ബയേൺ മ്യൂണിക്ക്)

Jerome Boateng
FC Bayern Muenchen v Borussia Moenchengladbach - Bundesliga / Alexander Hassenstein/Getty Images

പത്തു വർഷമായി ബയേൺ മ്യൂണിക്കിനൊപ്പമുള്ള ജെറോം ബോട്ടെങ് ഈ സീസണോടെ ജർമൻ ക്ലബുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തന്നെയാണ് സാധ്യത. ഇതുവരെയും ബയേൺ പുതിയ കരാർ വാഗ്‌ദാനം ചെയ്‌തിട്ടില്ലാത്ത മുപ്പത്തിരണ്ടുകാരനായ താരത്തിനു വേണ്ടി ചെൽസി, ടോട്ടനം, ആഴ്‌സണൽ എന്നീ ക്ലബുകൾ രംഗത്തുണ്ട്. ചെൽസിയിൽ തിയാഗോ സിൽവ നടത്തുന്ന പ്രകടനം മിക്കവാറും ബോട്ടെങ്ങിനു പ്രീമിയർ ലീഗിലേക്കാവും വഴി തുറക്കുന്നത്.

9. ഹകൻ കലനോഗ്ലു (എസി മിലാൻ)

Hakan Calhanoglu
Juventus v AC Milan - Italian Serie A / Soccrates Images/Getty Images

എസി മിലാനുമായുള്ള കരാർ ചർച്ചകൾ എവിടെയുമെത്താത്തതിനാൽ തുർക്കിഷ് മധ്യനിര താരമായ കലനോഗ്ലു ഈ സീസണു ശേഷം ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. കരാർ അവസാനിക്കാനിരിക്കെ അതു പുതുക്കാൻ 4.2 മില്യൺ പൗണ്ട് വാർഷിക പ്രതിഫലമായി നൽകണമെന്ന താരത്തിന്റെ ആവശ്യം എസി മിലാൻ അംഗീകരിക്കാൻ സാധ്യതയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനും നാപ്പോളിക്കും താരത്തിൽ താൽപര്യമുണ്ട്.

8. ലൂകാസ് വാസ്‌ക്വസ് (റയൽ മാഡ്രിഡ്)

Lucas Vazquez
Real Madrid v FC Barcelona - La Liga Santander / Angel Martinez/Getty Images

റയലിന്റെയും സിദാന്റെയും വിശ്വസ്‌തനായ താരമായ ലൂക്കാസ് വാസ്‌ക്വസ് കരാർ പുതുക്കാൻ പ്രതിഫലം വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും റയൽ അത് സമ്മതിക്കാൻ താൽപര്യമില്ല. നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരം പ്രീമിയർ ലീഗിലെത്താനാണ് സാധ്യത. ലീഡ്‌സ്, എവർട്ടൺ, ടോട്ടനം, എസി മിലാൻ, ബയേൺ എന്നീ ക്ലബുകൾക്ക് വാസ്‌ക്വസിൽ താൽപര്യമുണ്ട്.

7. ജിയാൻലൂയിജി ഡോണറുമ്മ (എസി മിലാൻ)

Gianluigi Donnarumma
Juventus v AC Milan - Serie A / Jonathan Moscrop/Getty Images

ഈ സീസണിന്റെ തുടക്കത്തിൽ പുതിയ കരാർ ഒപ്പിടാനൊരുങ്ങിയ താരം സീസൺ അവസാനിക്കുമ്പോൾ ക്ലബ് വിടുന്നതിനരികിലാണ്. ഇരുപത്തിരണ്ടാം വയസിൽ തന്നെ മികച്ച ഗോൾകീപ്പറായി പേരെടുത്ത താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള അവസരം ഒരു ക്ലബും വേണ്ടെന്നു വെക്കാൻ സാധ്യതയില്ല. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, ചെൽസി എന്നീ ക്ലബുകളാണ് താരത്തെ നോട്ടമിട്ടിരിക്കുന്നത്.

6. എഡിസൺ കവാനി (മാഞ്ചസ്റ്റർ യുണൈറ്റഡ്)

Edinson Cavani
Aston Villa v Manchester United - Premier League / Shaun Botterill/Getty Images

ഒരു സ്‌ട്രൈക്കറെ അത്യാവശ്യമായതു കൊണ്ടു മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ കവാനി പക്ഷെ മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിൽ നടത്തുന്നത്. ഈ സീസണു ശേഷം ക്ലബ് വിടണമെന്നാണ് താരത്തിന്റെ ആഗ്രഹമെങ്കിലും പ്രതിഫലം വർധിപ്പിച്ച് ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാൽ ബൊക്ക ജൂനിയേഴ്‌സിലേക്കായിരിക്കും കവാനിയെത്തുക.

5. ജോർജിനോ വൈനാൾടം (ലിവർപൂൾ)

Gini Wijnaldum
Liverpool v Everton - Premier League / Robbie Jay Barratt - AMA/Getty Images

ഈ സീസണു ശേഷം ഡച്ച് മധ്യനിര താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ലിവർപൂളിന് സുപ്രധാന നേട്ടങ്ങൾ നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളിലേക്കാണ് വൈനാൾഡാം ചേക്കേറാൻ സാധ്യത.

4. മെംഫിസ് ഡീപേയ് (ലിയോൺ)

Memphis Depay
Olympique Lyon v Angers SCO - Ligue 1 / Marcio Machado/Getty Images

കഴിഞ്ഞ സമ്മറിൽ തന്നെ ബാഴ്‌സലോണ ഡച്ച് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. നെയ്മർ പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിട്ടതോടെ ഡീപേയ് ബാഴ്‌സയിലേക്കെത്താനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. ഇരുപത്തിയേഴുകാരനായ താരത്തിന് വേണ്ടി ബാഴ്‌സലോണക്ക് പുറമെ ലിവർപൂളും ശ്രമങ്ങൾ നടത്തുന്നുണ്ട്.

3. സെർജിയോ അഗ്യൂറോ (മാഞ്ചസ്റ്റർ സിറ്റി)

Sergio Aguero
Manchester City v Chelsea - Premier League / Matthew Ashton - AMA/Getty Images

ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ അഗ്യൂറോയുടെ കരാർ പുതുക്കുന്നില്ലെന്ന് സിറ്റി നേതൃത്വം വ്യക്തമാക്കി കഴിഞ്ഞതാണ്. 2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗിലെത്തി ക്ലബിന്റെ ഇതിഹാസമായി മടങ്ങുന്ന അഗ്യൂറോ ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് സാധ്യത. ചെൽസി, റയൽ, പിഎസ്‌ജി എന്നിവർക്കും താരത്തിൽ താല്പര്യമുണ്ട്.

2. സെർജിയോ റാമോസ് (റയൽ മാഡ്രിഡ്)

Sergio Ramos
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / Quality Sport Images/Getty Images

റയലിന്റെ നായകനായ സെർജിയോ റാമോസ് കരാർ പുതുക്കാൻ വെച്ച ആവശ്യങ്ങൾ ക്ലബ് നേതൃത്വം അംഗീകരിക്കില്ലെന്ന റിപ്പോർട്ടുകൾ ശക്തമാണ്. രണ്ടു വർഷത്തെ കരാർ താരം ആവശ്യപ്പെട്ടപ്പോൾ ഒരു വർഷത്തേക്ക് കരാർ നീട്ടാമെന്നാണ് റയൽ നേതൃത്വത്തിന്റെ നിലപാട്. ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായ താരം പിഎസ്‌ജിയിലേക്ക് ചേക്കേറാനാണ് സാധ്യതയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസും ശ്രമം നടത്തുന്നുണ്ട്.

1. ലയണൽ മെസി (ബാഴ്‌സലോണ)

Lionel Messi
FC Barcelona v Atletico de Madrid - La Liga Santander / David Ramos/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏവരും ഉറ്റു നോക്കുന്ന ഫ്രീ ഏജന്റായ ലയണൽ മെസി ക്ലബിനൊപ്പം തുടരാനുള്ള സാധ്യതയുണ്ടെങ്കിലും അത് ഒരിക്കലും ഉറപ്പിക്കാൻ കഴിയില്ല. പുതിയ കരാറും ക്ലബിന്റെ ട്രാൻസ്‌ഫർ പദ്ധതികളും അറിഞ്ഞതിനു ശേഷം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനിരിക്കുന്ന താരം പിഎസ്‌ജിയിലേക്കോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ആവും ചേക്കേറുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit