Football in Malayalam

സാമ്പത്തിക പ്രതിസന്ധിക്കിടയിലും റയലിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്ലബായി ബാഴ്‌സലോണ

Sreejith N
Real Sociedad v FC Barcelona - La Liga Santander
Real Sociedad v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

കോവിഡ് മഹാമാരിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബെന്ന സ്ഥാനം കരസ്ഥമാക്കി എഫ്‌സി ബാഴ്‌സലോണ. ഫോർബ്‌സ് ബിസിനസ് മാഗസിൻ പുറത്തു വിട്ട കണക്കുകളിൽ ഇതിനു മുൻപ് അഞ്ചു തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള റയൽ മാഡ്രിഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാഴ്‌സലോണ ഒന്നാമതെത്തിയത്.

ഫോർബ്‌സ് മാഗസിൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ബാഴ്‌സലോണയുടെ മൂല്യം 3.46 ബില്യൺ പൗണ്ട് ആയാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം തൊട്ടു പുറകിൽ തന്നെയുള്ള റയൽ മാഡ്രിഡിന്റെ മൂല്യം 3.45 ബില്യൺ പൗണ്ടാണ്. 3.06 ബില്യൺ പൗണ്ട് മൂല്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ ഏറ്റവും മൂല്യമേറിയ ക്ലബെന്ന സ്ഥാനം നിലനിർത്തിയെങ്കിലും യൂറോപ്യൻ ക്ലബുകളിൽ 3.07 ബില്യൺ പൗണ്ട് മൂല്യവുമായി ബയേൺ മ്യൂണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്.

അതേസമയം ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ക്ലബുകളിൽ ആറും പ്രീമിയർ ലീഗിൽ നിന്നുമാണെന്ന പ്രത്യേകത കൂടിയുണ്ട്. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവക്ക് പുറമെ 1.82 ബില്യൺ പൗണ്ടിന്റെ മൂല്യവുമായി ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന പിഎസ്‌ജി മാത്രമാണ് പ്രീമിയർ ലീഗിന് പുറത്തുള്ള ക്ലബ്. ഇറ്റലിയിൽ നിന്നുള്ള ഒരു ക്ലബ് പോലും ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ലിവർപൂൾ (2.98 ബില്യൺ പൗണ്ട്), മാഞ്ചെസ്റ്റെർ സിറ്റി (2.91 ബില്യൺ പൗണ്ട്), ചെൽസി (2.33 ബില്യൺ പൗണ്ട്), ആഴ്‌സണൽ (2.04 പൗണ്ട്), പിഎസ്‌ജി (1.82 ബില്യൺ പൗണ്ട്), ടോട്ടനം (1.67 ബില്യൺ പൗണ്ട്) എന്നിവയാണ് അഞ്ചു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ള ക്ലബുകൾ. സൂപ്പർതാരമായ റൊണാൾഡോ കളിക്കുന്ന യുവന്റസ് ലിസ്റ്റിൽ പതിനൊന്നാം സ്ഥാനത്താണ്.


facebooktwitterreddit