കഴിഞ്ഞ പത്തു വർഷത്തിലെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച പത്തു താരങ്ങൾ


ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് വ്യത്യസ്ത അഭിരുചികൾ ഉള്ളതു കൊണ്ടു തന്നെ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച പത്തു താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അതിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവർ നിരവധിയായിരിക്കും. മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നവരും സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്നതിനാൽ ഏറ്റവും മികച്ച പത്തു പേരെ കണ്ടെത്തുക പ്രയാസകരം തന്നെയാണ്. അതുകൊണ്ടു തന്നെ ലിസ്റ്റിലുള്ള താരങ്ങൾക്കൊപ്പം തന്നെ മികച്ച കളിക്കാർ അതിനു പുറത്തുണ്ടായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
ഒട്ടനവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് 90Min എഡിറ്റോറിയൽ സ്റ്റാഫുകൾ കഴിഞ്ഞ പത്തു വർഷത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പത്തു ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുത്തത്. നിങ്ങളുടെ പ്രിയപ്പെട്ട താരം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അതിനർത്ഥം അവർ മോശമാണെന്നല്ല, മറിച്ച് തിരഞ്ഞെടുക്കുന്ന ആളുകളുടെ കാഴ്ചപ്പാടും അഭിരുചികളും വ്യത്യസ്തമായിരുന്നു എന്നതാണ്.
10. ഗാരെത് ബേൽ
നിരന്തരമായ പരിക്കുകൾ തളർത്തിയ കരിയർ ആയിരുന്നിട്ടു കൂടി കഴിഞ്ഞ പത്തു വർഷത്തിൽ ഗാരെത് ബേൽ സ്വന്തം പേരിലെഴുതിച്ചേർത്ത നേട്ടങ്ങളും നിർണായക മത്സരത്തിലെ ഗോളുകളും താരത്തിന്റെ പ്രതിഭ വിളിച്ചോതുന്നതാണ്. ലിവർപൂളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനു തുടർച്ചയായി മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ഓവർഹെഡ് കിക്ക് ഗോൾ മാത്രം മതിയാവും താരത്തെ എന്നെന്നും ഓർമിക്കാൻ. പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നെങ്കിൽ മെസിക്കും റൊണാൾഡൊക്കുമൊപ്പം നിൽക്കാൻ ബേലും ഉണ്ടാകുമായിരുന്നു.
9. കരിം ബെൻസിമ
നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും സമ്പൂർണനായ സ്ട്രൈക്കർ എന്ന വിശേഷണം ബെൻസിമക്ക് ഇണങ്ങുന്നതാണ്. ഒരു പ്രോപ്പർ സ്ട്രൈക്കറായും കളി മെനയുന്ന താരമായും മൈതാനത്ത് നിറഞ്ഞു നിൽക്കുന്ന ഫ്രഞ്ച് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടെയാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. അതിനു ശേഷമിതു വരെ നൂറിലധികം ഗോളുകൾ നേടിയ ബെൻസിമ റൊണാൾഡോ ടീമിലുണ്ടായിരുന്ന സമയത്ത് റെക്കോർഡുകൾ മറികടക്കാൻ താരത്തെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
8. ആന്ദ്രെസ് ഇനിയേസ്റ്റ
മധ്യനിരയിലെ മാന്ത്രികതയുടെ മറ്റൊരു പേരാണ് ആന്ദ്രെസ് ഇനിയേസ്റ്റ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരിയറിൽ ഇടിവു സംഭവിച്ചതിനെ തുടർന്ന് ജാപ്പനീസ് ക്ലബ്ബിലേക്ക് ചേക്കേറിയ ഇനിയേസ്റ്റ തന്റെ മനോഹരമായ നീക്കങ്ങൾ ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനം പലപ്പോഴും നടത്താറുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളെന്ന വിശേഷണം തീർച്ചയായും അർഹിക്കുന്ന ഇനിയേസ്റ്റ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമിന്റെ ഭാഗം കൂടിയായിരുന്നു.
7. എൻഗോളോ കാന്റെ
2015-16 സീസണിൽ ലൈസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയതോടെയാണ് എൻഗോളോ കാന്റെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതെങ്കിലും അവിടെ നിന്നിങ്ങോട്ട് ലോകത്തിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി താരം തുടരുന്നു. ലൈസ്റ്റർ സിറ്റിക്കും ചെൽസിക്കുമൊപ്പം സാധ്യമായ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കിയ കാന്റെ ഫ്രാൻസ് ടീമിനൊപ്പം 2018 ലോകകപ്പ് കിരീടവും ഉയർത്തുകയുണ്ടായി.
6. ലൂയിസ് സുവാരസ്
കളിക്കളത്തിലെ ചില പെരുമാറ്റങ്ങളുടെ പേരിൽ പലയാളുകൾക്കും സ്വീകാര്യനല്ലെങ്കിലും താൻ കളിക്കുന്ന പൊസിഷനിൽ ലൂയിസ് സുവാരസ് നടത്തിയിട്ടുള്ള പ്രകടനം ആർക്കും നിഷേധിക്കാൻ കഴിയില്ല. ലിവർപൂളിനെ ഉയർത്തി കൊണ്ടു വരുന്നതിൽ നിർണായക പങ്കു വഹിച്ചതിനു ശേഷം ബാഴ്സയിലേക്ക് ചേക്കേറി ടീമിന്റെ ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്തെത്തുകയും എല്ലാ കിരീടവും നേടുകയും ചെയ്ത താരം നിലവിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പവും തന്റെ ഗോൾവേട്ട തുടർന്നു കൊണ്ടിരിക്കയാണ്.
5. സെർജിയോ റാമോസ്
ഏതു ടീമിന്റെ ആരാധകനായാലും തങ്ങളുടെ പ്രതിരോധ നിരയെയും ടീമിനെയും നയിക്കാൻ റാമോസിനെ അവർ ആഗ്രഹിച്ചിരിക്കും. തന്റെ പ്രകടനം കൊണ്ടും മനോഭാവം കൊണ്ടും ടീമിലെ താരങ്ങളെ സ്വാധീനിക്കുകയും എതിരാളികളെ തളർത്തുകയും ചെയ്യാൻ കഴിയുന്ന റാമോസ് റയൽ മാഡ്രിഡിനൊപ്പവും സ്പെയിൻ ടീമിനൊപ്പവും ഇനി നേടാൻ ബാക്കിയൊന്നുമില്ല.
4. ലൂക്ക മോഡ്രിച്ച്
ടോട്ടനം ഹോസ്പറിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ആദ്യ നാളുകൾ അത്ര മികച്ചതായിരുന്നില്ലെങ്കിലും പിന്നീട് ലോസ് ബ്ലാങ്കോസ് മധ്യനിരയുടെ നെടുന്തൂണായി വളർന്ന താരം 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെയെക്കാൻ വഹിച്ച പങ്ക് ഒരു ഫുട്ബോൾ ആരാധകനും വിസ്മരിക്കാൻ കഴിയില്ല. ലയണൽ മെസി, റൊണാൾഡോ എന്നിവരുടെ ആധിപത്യം അവസാനിപ്പിച്ച് ബാലൺ ഡി ഓർ സ്വന്തമാക്കാനും മോഡ്രിച്ചിനു കഴിഞ്ഞു.
3. റോബർട്ട് ലെവൻഡോസ്കി
2010-11 സീസൺ മുതലിങ്ങോട്ട് ഇരുപതു ഗോളിൽ കുറവു നേടിയിട്ടില്ലാത്ത ലെവൻഡോസ്കി 2019-20 സീസണിൽ മാത്രം 47 മത്സരങ്ങളിൽ നിന്നും 55 ഗോളുകൾ കുറിച്ചു. കോവിഡ് മഹാമാരി മൂലം 2020ലെ ബാലൺ ഡി ഓർ ഒഴിവാക്കിയതു കൊണ്ടു മാത്രം പുരസ്കാരം നഷ്ടമായ താരത്തിന് കരിയറിൽ ഒരിക്കലെങ്കിലും അതു നൽകണമെന്ന് ഫുട്ബോൾ ആരാധകരെല്ലാം കരുതുന്നുണ്ടാവും. ഗോൾവലക്കു മുന്നിൽ താരം അത്ര മികച്ച പ്രകടനമാണ് ഈ സീസണുകളിൽ കാഴ്ച വെക്കുന്നത്.
2. ക്രിസ്റ്റ്യാനോ റൊണാൾഡോ
ഈ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം സ്ഥാനത്തു വരുന്നതിൽ പലർക്കും മുറുമുറുപ്പുണ്ടാവുമെന്നതു കൊണ്ടു തന്നെ ഇക്കഴിഞ്ഞ ദശാബ്ദത്തെ തന്നെ നിർവചിച്ച രണ്ടു ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് താരമെന്ന് ആദ്യമേ പറയട്ടെ. ഇക്കാലയളവിൽ റയൽ മാഡ്രിഡിനൊപ്പം നേടിയ നാല് ചാമ്പ്യൻസ് ലീഗും നാല് ബാലൺ ഡി ഒറുമെല്ലാം താരത്തിന്റെ മികവിനെ അടിവരയിട്ടു കാണിക്കുന്നു. തന്റെ മുപ്പത്തിയാറാം വയസിലും ഏറ്റവും മികച്ച പ്രകടനം തുടരുകയാണ് പോർച്ചുഗൽ നായകൻ.
1. ലയണൽ മെസി
ഈ പട്ടികയിൽ ലയണൽ മെസി ആദ്യമല്ലായെങ്കിൽ അതു ഫുട്ബോളിനോടു തന്നെയുള്ള ഒരു നീതികേടായി മാറുമെന്നതിൽ തർക്കമില്ല. 2005ൽ ബാഴ്സലോണക്കുവേണ്ടി അരങ്ങേറ്റം കുറിച്ച താരം കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരമാണെന്നു അടിവരയിട്ടുറപ്പിക്കാൻ മെസി നേടിയ റെക്കോർഡുകളുടെ ആവശ്യമില്ല. മറിച്ച് താരം ഫുട്ബോൾ കളത്തിൽ കാണിക്കുന്ന മാന്ത്രിക നീക്കങ്ങളും അവിശ്വസനീയ പ്രകടനങ്ങളും മാത്രം മതിയാവും.