Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതോടെ പ്രീമിയർ ലീഗിലെ പ്രതിഫലക്കണക്കിൽ റൊണാൾഡോ ഒന്നാമതാവും; കണക്കുകൾ ഇങ്ങനെ..

Gokul Manthara
Manchester United v Chelsea - UEFA Champions League Final
Manchester United v Chelsea - UEFA Champions League Final / Alex Livesey/Getty Images
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് ക്ലബ്ബ്‌ പ്രഖ്യാപിച്ചത്. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള താരത്തിന്റെ വരവ്.

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോക്ക് 480,000 പൗണ്ടാണ് പ്രതിവാര ശമ്പളമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുകയെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇതോടെ പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന താരമായി റൊണാൾഡോ മാറും. ചെൽസി താരം റൊമേലു‌ ലുക്കാക്കു, മാഞ്ചസ്റ്റർ സിറ്റിതാരംകെവിൻ ഡി ബ്രൂയിൻ എന്നിവരാണ്‌ പ്രീമിയർ ലീഗിലെ പ്രതിഫലക്കാര്യത്തിൽ ഇതോടെ റൊണാൾഡോക്ക് പിന്നിലാവുക.

ഇക്കുറി ഇന്റർ മിലാനിൽ നിന്ന് ചെൽസി ടീമിലെത്തിച്ച ബെൽജിയം സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് ബോണസടക്കം 450,000 പൗണ്ടാണ്‌ പ്രതിവാരം ചെൽസിയിൽ നിന്ന് ലഭിക്കുക. പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളമുള്ള താരങ്ങളിലൊരാളായ കെവിൻ ഡിബ്രൂയിനാകട്ടെ 385,000 പൗണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ഓരോ ആഴ്ചയും നൽകുന്നത്. തന്റെ മുൻ ക്ലബ്ബിലേക്കുള്ള തിരിച്ചു വരവിലൂടെ റൊണാൾഡോ ഇവരേക്കാളോക്കെ പ്രതിഫലം പറ്റുന്ന താരമായി മാറും.

പ്രതിവാരം ഏറ്റവും കൂടുതൽ തുക സമ്പാദിക്കുന്ന 10 പ്രീമിയർ ലീഗ് താരങ്ങൾ

1. ക്രിസ്റ്റ്യാനോ റൊണാൾഡോ - 480,000 പൗണ്ട്
2. റൊമേലു ലുക്കാക്കു - 450,000 പൗണ്ട് (ബോണസടക്കം)
3. കെവിൻ ഡി ബ്രൂയിൻ - 385,000 പൗണ്ട്
4. ജാക്ക് ഗ്രീലിഷ് - 380,000 പൗണ്ട് (ബോണസടക്കം)
5. ഡേവിഡ് ഡി ഗിയ - 375,000 പൗണ്ട്
6. പിയറി എമറിക്ക് ഔബമയാംഗ് - 350,000 പൗണ്ട്
7. റഹീം സ്റ്റെർലിംഗ് - 300,000 പൗണ്ട്
8. ഹാരി കെയിൻ - 300,000 പൗണ്ട്
9. പോൾ പോഗ്ബ - 290,000 പൗണ്ട്
10. ആന്തണി മാർഷ്യൽ - 250,000 പൗണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit