Top Stories

പരുക്ക്, പോഗ്ബക്ക് ലോകകപ്പ് നഷ്ടമാകും

Haroon Rasheed
Juventus v Chivas - Preseason Friendly
Juventus v Chivas - Preseason Friendly / James Williamson - AMA/GettyImages
facebooktwitterreddit

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ വിടാതെ പിന്തുടര്‍ന്ന് പരുക്ക്. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസട്ടെ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ദിവസം മുന്‍പായിരുന്നു പരിശീലനത്തിനിടെ പോഗ്ബക്ക് പരുക്കേറ്റത്.

എന്നാല്‍ അന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഫ്രഞ്ച് താരത്തിന്റെ പരുക്ക് ഗുരുതരമാണെന്ന് യുവന്റസിന്റെ മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവന്റസ് മെഡിക്കല്‍ ഡിപ്പാര്‍ട്ട് പോഗ്ബക്ക് ഓപറേഷന്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പരുക്ക് പൂര്‍ണമായും ബേധമാകണമെങ്കില്‍ മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടിവരും. അതിനാല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നിലവിലെ ലോകകപ്പ് ജേതാവും ഫ്രഞ്ച് താരവുമായ പോഗ്ബക്ക് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറെ കാലമായി പരുക്ക് വേട്ടയാടിയിരുന്ന 29 കാരനായ താരം അടുത്തിടെയായിരുന്നു ഫ്രീ ട്രാന്‍സ്ഫറില്‍ യുവന്റസിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു താരം യുവന്റസിലേക്ക് കൂടുമാറിയത്.

കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ഏറെക്കാലം പുറത്തായിരുന്നു പോഗ്ബ. മൂന്ന് മാസം വിശ്രമം അനുവാര്യമായതോടെ സീരീഎയുടെ തുടക്കത്തിലെ മത്സരങ്ങളും പോഗ്ബക്ക് നഷ്ടപ്പെടും. ഇത് രണ്ടാം തവണയാണ് പോഗ്ബ യുവന്റസിലെത്തുന്നത്. നേരത്തെ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരം രണ്ടാം തവണയാണ് യുണൈറ്റഡ് വിടുന്നതും. യുണൈറ്റഡ് ക്ലബില്‍ തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും താരം യുവന്റസിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു.

facebooktwitterreddit