പ്രീ സീസണ്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

പ്രീസീസണിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അവസാന മത്സരത്തില്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ന് ലാലിഗ ക്ലബായ റയോ വല്ലോക്കാനെയെ നേരിട്ട യുണൈറ്റഡ് 1-1 എന്ന സ്‌കോറിനാണ് മത്സരം അവസാനിപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡിനായി കളത്തിലിറങ്ങിയെങ്കിലും ഗോളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സീസണ്‍ അവസാനിച്ചതിന് ശേഷം ആദ്യമായാണ് ക്രിസ്റ്റിയാനോ ടീമിനൊപ്പം കളിക്കാനിറങ്ങുന്നത്. കുടുംബ പരമായ പ്രശ്‌നങ്ങള്‍ കാരണം ക്രിസ്റ്റ്യാനോ പ്രീ സീസണ്‍ മത്സരത്തിന്റെ തുടക്കത്തില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. ഇന്നലെ മാത്രമാണ് ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം തുടങ്ങിയത്. താരം ക്ലബ് വിടുമെന്ന അഭ്യൂഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. പോര്‍ച്ചുഗീസ് താരം ജാവെ ഫോലിക്‌സിന്റെ ഗോളിലായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോയും എറിക്‌സണും ഉണ്ടായിരുന്നു എങ്കിലും ആദ്യ പകുതിയില്‍ യുണൈറ്റഡ് ഗോള്‍ നേടിയില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ അമദ് ദിയാലോ ആണ് യുണൈറ്റഡിന് ലീഡ് നല്‍കിയത്. ഈ ലീഡ് അധികം താമസിയാതെ നഷ്ടപ്പെട്ടു.
ഗാര്‍സിയ ആണ് സ്പാനിഷ് ടീമിനായി സമനില നല്‍കിയത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇന്ന് അര്‍ജന്റീന യുവതാരം ഗര്‍നാചോ ഗംഭീര പ്രകടനം നടത്തി. പുതിയ സൈനിംഗ് ലിസാന്‍ഡ്രോയും ഇന്ന് യുണൈറ്റഡിനായി ഇറങ്ങിയിരുന്നു. പ്രീസീസണിന്റെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് യുണൈറ്റഡ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രകടനം പുറത്തെടുക്കാന്‍ പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.