Top Stories

വീണ്ടും ഗോളുമായി ഡെംബലെ; ബാഴ്‌സക്ക് ജയം

Haroon Rasheed
FC Barcelona v New York Red Bulls
FC Barcelona v New York Red Bulls / Ira L. Black/GettyImages
facebooktwitterreddit

സീസണിന് മുന്നോടിയായി നടത്തിയ അവാസന പ്രീ സീസണ്‍ മത്സരത്തിലും വിജയിച്ച് ബാഴ്‌സലോണ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി. എതിരാളികളായ ന്യൂയോര്‍ക് റെഡ് ബുള്‍സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണ വിജയം കണ്ടെത്തിയത്. ജേതാക്കള്‍ക്ക് വേണ്ടി ഡെമ്പലെ ഒരിക്കല്‍ കൂടി ഗോള്‍ വല കുലുക്കിയപ്പോള്‍ രണ്ടാം ഗോള്‍ മെംഫിസ് ഡീപെയുടെ വക ആയിരുന്നു.

ഇരു ടീമുകളും ഒരുപോലെ ആക്രമണം പുറത്തെടുത്താണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ റെഡ് ബുള്‍സിന് മികച്ച മുന്നേറ്റങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചു. ബാഴ്‌സലോണയും പലപ്പോഴും എതിര്‍ പോസ്റ്റിന് അടുത്ത് എത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ ആയില്ല. നാല്‍പതാം മിനിറ്റില്‍ ഡെമ്പലെ ഇടത് വശത്ത് കൂടി കൊണ്ടു വന്ന മുന്നേറ്റം താരം ഉള്ളിലേക്ക് വെട്ടിക്കയറി റാഫിഞ്ഞക്ക് നല്‍കി.

താരം തിരിച്ച് ഡെമ്പലേക്ക് തന്നെ ബോള്‍ കൈമാറിയപ്പോള്‍ ഗോള്‍ കണ്ടെത്താന്‍ ഫ്രഞ്ച് താരത്തിന് ഒട്ടും അമാന്തക്കേണ്ടി വന്നില്ല. രണ്ടാം പകുതിയില്‍ ബാഴ്‌സലോണ ടീമില്‍ മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന ജെറാര്‍ഡ് പിക്വേക്ക് അവസരം ലഭിച്ചു. ബാഴ്‌സ കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

ലേവന്റോവ്‌സ്‌കിക്ക് പകരം എത്തിയ ഡീപെയ് ആണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. പ്യാനിച്ച് ഉയര്‍ത്തി നല്‍കിയ ബോളിനൊപ്പം ഓടിയ ഡീപെയെ റെഡ് ബുള്‍ ഡിഫന്‍ഡര്‍ പിടിച്ചു വച്ചെങ്കിലും ബോക്‌സിന്റെ ഓരത്ത് വെച്ചു ബോള്‍ മുന്നോട്ടു കയറിയ ഗോളിയുടെ ദേഹത്ത് തട്ടി അകന്നു വശത്തേക്ക് തെറിച്ചപ്പോള്‍ ഡീപെക്ക് അനായാസം വലയിലാക്കാന്‍ സാധിച്ചു.മൂന്ന് ജയവും ഒരു സമനിലയുമായി മികച്ച പ്രകടനത്തോടെ പ്രീ സീസണ്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് പരിശീലകന്‍ സാവിയും ബാഴ്‌സലോണയും.

facebooktwitterreddit