ആഴ്‌സണലിന് ഇനിയും താരങ്ങളെ ആവശ്യമുണ്ടെന്ന് മൈക്കല്‍ അര്‍ട്ടേറ്റ

അടുത്ത സീസണിലേക്കായി താരങ്ങളെ എത്തിക്കുന്നത് തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി ആഴ്‌സനല്‍ പരിശീലനകന്‍ മൈക്കല്‍ അര്‍ട്ടേറ്റ. സെവിയ്യക്ക് എതിരേ നടന്ന മത്സരത്തിന് ശേഷമായിരുന്നു അര്‍ട്ടേറ്റ ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത സീസണിലേക്ക് ഒരുങ്ങുന്നതിനായി ഇതിനകം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന ഗബ്രിയേല്‍ ജീസസ്, വിയേര, സിഞ്ചെങ്കോ, ടര്‍ണര്‍, മാര്‍ക്വീന്യോസ് അടക്കമുള്ള താരങ്ങളെ ടീമില്‍ എത്തിച്ച ആഴ്‌സണല്‍ ഇനിയും ടീം ശക്തമാക്കാന്‍ ആണ് ശ്രമിക്കുന്നത്. എന്നാല്‍ ട്രാന്‍സ്ഫറുകള്‍ ടീം വിടുന്ന താരങ്ങളെ ആശ്രയിച്ചാവും എന്നും അര്‍ട്ടെറ്റ കൂട്ടിച്ചേര്‍ത്തു.
മികച്ച ടീമിനെ ഉണ്ടാക്കാന്‍ ആണ് ശ്രമം എന്നു പറഞ്ഞ അര്‍ട്ടെറ്റ അതിനു തങ്ങള്‍ക്ക് ആവും എന്നും പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ പരിക്കേറ്റ ടിയേര്‍ണി, ടോമിയാസു, സ്മിത്ത് റോ, ഫാബിയോ വിയേര എന്നിവര്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിന് മുമ്പ് മത്സരത്തിന് തയ്യാറായേക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഡഗാര്‍ഡിനെ ക്യാപ്റ്റന്‍ ആയി പ്രഖ്യാപിച്ചതില്‍ അഭിമാനം ഉണ്ടെന്നു പറഞ്ഞ ആര്‍ട്ടെറ്റ ഒഡഗാര്‍ഡ് ക്ലബിനെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന ആളാണ് എന്നും പറഞ്ഞു.
ക്ലബില്‍ എല്ലാവരും ബഹുമാനിക്കുന്ന സ്വഭാവത്തിന് ഉടമയാണ് ഒഡഗാര്‍ഡ് എന്നു വ്യക്തമാക്കിയ ആര്‍ട്ടെറ്റ താരത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. പുതിയ സീസണിലേക്കായി മികച്ച നിലയിലാണ് ഇപ്പോള്‍ അര്‍ട്ടേറ്റക്ക് കീഴില്‍ ഗണ്ണേഴ്‌സ് ഒരുങ്ങുന്നത്. സിറ്റിയില്‍ നിന്ന് ആഴ്‌സനലിന്റെ മുന്നേറ്റനിരയിലെത്തി ജീസസ് ഇതിനോടകം തന്നെ ഫോം കണ്ടെത്തിയിട്ടുണ്ട്.