നൂനസിന്റെ ഗോളില്‍ ലിവര്‍പൂള്‍: കമ്മ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിക്ക് തോല്‍വി

Manchester City v Liverpool - The FA Community Shield
Manchester City v Liverpool - The FA Community Shield / Harriet Lander/Copa/GettyImages
facebooktwitterreddit

കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി ലിവര്‍പൂള്‍. പുതുതായി ടീമിലെത്തിയ ഡാര്‍വിന്‍ നൂനസിന്റെ കരുത്തിലായിരുന്നു ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കാന്‍ സിറ്റിക്ക് കഴിഞ്ഞെങ്കിലും അന്തിമ ജയം ലിവര്‍പൂളിനൊപ്പമായിരുന്നു.

ഇരു ടീമുകളും കരുതലോടെയായിരുന്നു കരുക്കള്‍ നീക്കയത്. ശക്തമായ നീക്കത്തിനൊടുവില്‍ 21ാം മിനുട്ടില്‍ ഇംഗ്ലീഷ് താരം അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. ബോക്‌സിന് മുന്നില്‍ നിന്ന് ലഭിച്ച പന്ത് ഹാഫ് വോളിയിലൂടെ താരം വലയിലെത്തിക്കുകയായുരുന്നു. ഒരു ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച സിറ്റി ഒടുവില്‍ ലക്ഷ്യം കണ്ടു.

70ാം മിനുട്ടില്‍ ജൂലിയാന്‍ അല്‍വാരെസിന്റെ ഗോളില്‍ സിറ്റി സമനില ഗോള്‍ കണ്ടെത്തി. മത്സരം സമനിലയിലായതോടെ ഇരുടീമുകളും പൊരുതിക്കളിച്ചു. ഒടുവില്‍ 83ാം മിനുട്ടില്‍ ലിവര്‍പൂളിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത മുഹമ്മദ് സലാഹ് പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ ലിവര്‍പൂള്‍ വീണ്ടും ലീഡ് സ്വന്തമാക്കി. ഒരു ഗോള്‍ ലീഡ് നേടിയതോടെ ലിവര്‍പൂള്‍ ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു.

ഒടുവില്‍ അവര്‍ മൂന്നാം ഗോളും സ്വന്തമാക്കി. 94ാം മിനുട്ടില്‍ ഉറുഗ്വെയന്‍ താരം ഡാര്‍വിന്‍ നൂനസിന്റെ വകയായിരുന്നു ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍. സിറ്റിക്ക് വേണ്ടി നോര്‍വീജിയന്‍ യുവതാരം എര്‍ലിങ് ഹാളണ്ട് ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. പുതിയ സീസണിന് മുന്നോടിയായി കിരീടം സ്വന്തമാക്കിയതിനാല്‍ അടുത്ത സീസണില്‍ ലിവര്‍പൂളിന്റെ ആത്മവിശ്വാസം വര്‍ധിക്കും.