പ്രീ സീസണ്‍ മത്സരം: ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് ചെല്‍സി

അടുത്ത സീസണിലേക്കായി ചെല്‍സി മികച്ച രീതിയില്‍ ഒരുങ്ങുന്നു. ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ ഉഡിനീസിനെതിരെ മികച്ച ജയം സ്വന്തമാക്കി ചെല്‍സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി ജയം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് എതിരാളികളായ ആഴ്‌സണലിനോട് കനത്ത പരാജയം ചെല്‍സി ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ എന്‍ഗോളോ കാന്റെയുടെ ഗോളിലാണ് ചെല്‍സി മുന്‍പില്‍ എത്തിയത്. തുടര്‍ന്ന് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമില്‍ എത്തിയ റഹീം സ്റ്റെര്‍ലിങ് ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഉഡിനീസ് ഒരു ഗോള്‍ മടക്കി. ഡെലെഫു ആണ് അവരുടെ ഗോള്‍ നേടിയത്.
തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ മേസണ്‍ മൗണ്ടിലൂടെ ചെല്‍സി മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിച്ചു. അടുത്ത സീസണിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കാന്‍ ഇതുവരെ ചെല്‍സിക്ക് കഴിഞ്ഞിട്ടില്ല. ചെല്‍സിയുടെ പ്രതിരോധ താരമായിരുന്ന അന്റോണിയോ റൂഡിഗര്‍ ക്ലബ് വിട്ട് റയല്‍ മാഡ്രിഡിലേക്ക ചേക്കേറിയിരുന്നു.
തുടര്‍ന്ന് നാപോളിയില്‍ നിന്ന് ഖാലിദോ കൂലിബാലിയെയാരുന്നു ചെല്‍സി ക്ലബിലെത്തിച്ചത്. പിന്നീട് ബാഴ്‌സലോണ നോട്ടമിട്ടിരുന്ന സെവിയ്യ താരം ജൂള്‍ കോണ്ടെയെയും ബ്ലൂസ് ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ബാഴ്‌സോലണ ഫ്രഞ്ച് താരത്തെ റാഞ്ചി കാംപ് നൗവിലെത്തിക്കുകയായിരുന്നു. പുതിയ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ടീമിന്റെ സ്ഥിരത നിലനിര്‍ത്താനുള്ള ശക്തമായ നീക്കത്തിലാണ് ഇപ്പോള്‍ തോമസ് ടുഷേല്‍.