വനിതാ യൂറോകപ്പ്: ഇരട്ട ഗോളുമായി അലക്സാന്‍ഡ്ര, ഫ്രാന്‍സിനെ തകര്‍ത്ത് ജര്‍മനി ഫൈനലില്‍

2022 വനിതാ യൂറോ കപ്പ് ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ജര്‍മനി. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് ജര്‍മനി ഫൈനലിലെത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ ഫൈനലിന്റെ ചിത്രം തെളിഞ്ഞു.
ഫൈനലില്‍ ജര്‍മനി കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ഇരട്ട ഗോള്‍ നേടിയ അലക്സാന്‍ഡ്ര പോപ്പാണ് ജര്‍മനിയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരം തുടങ്ങി 40ാം മിനിറ്റില്‍ അലക്സാന്ഡ്രയിലൂടെ ജര്‍മനി ലീഡെടുത്തു. എന്നാല്‍ 44ാം മിനിറ്റില്‍ മെര്‍ളി ഫ്രോംസ് വഴങ്ങിയ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ജര്‍മനിയ്ക്കൊപ്പം പിടിച്ചു.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ജര്‍മനി 76ാം മിനിറ്റില്‍ അലക്സാന്ഡ്രയിലൂടെ ലക്ഷ്യം കണ്ടു. ഈ ഗോളിന്റെ ബലത്തില്‍ ജര്‍മന്‍ വനിതകള്‍ ഫൈനല്‍ ടിക്കറ്റെടുത്തു. ജൂലായ് 31 നാണ് ഫൈനല്‍. ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്താണ് ഫൈനലിലേക്ക് പ്രവേശനം നേടിയത്.
മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ കീഴടക്കാന്‍ ജര്‍മനി നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ചരിത്രത്തില്‍ ഏറ്റവുമധികം യൂറോകപ്പ് കിരീടം നേടിയ ടീമാണ് ജര്‍മനി. എട്ടുതവണ ടീം കിരീടത്തില്‍ മുത്തമിട്ടു. എന്നാല്‍ ഇംഗ്ലണ്ടിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകനടം പുറത്തെടുത്താണ് ഇംഗ്ലണ്ട് എത്തുന്നത്.