സൗവിക് ചക്രബര്‍ത്തി ഇനി ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കും

ഹൈദരബാദ് എഫ്.സി താരമായിരുന്ന സൗവിക് ചക്രബര്‍ത്തിയെ ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിക്കും. ഹൈദരാബാദ് എഫ്.സിയുടെ താരമായിരുന്ന സൗവിക് ഇപ്പോള്‍ ഫ്രീ ഏജന്റാണ്. താരത്തെ ടീമിലെത്തിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണുള്ളത്. ഹൈദരബാദിനെ കഴിഞ്ഞ തവണ ഐ.എസ്.എല്‍ ചാമ്പ്യന്മാരാക്കുന്നതില്‍ സൗവിക് വലിയ പങ്കുവഹിച്ചിരുന്നു. 16 മത്സരങ്ങള്‍ താരം കഴിഞ്ഞ സീസണില്‍ കളിച്ചെങ്കിലും കളിച്ച മത്സരത്തിലെല്ലാം മികച്ച പ്രകടനമായിരുന്നു സൗബിക് പുറത്തെടുത്തത്. രണ്ട് വര്‍ഷം മുമ്പ് മുംബൈ സിറ്റിയില്‍ നിന്നായിരുന്നു സൗവിക് ഹൈദരബാദിലേക്ക് വന്നത്. മുമ്പ് ജംഷദ്പൂര്‍ എഫ് സിക്കായും ഡെല്‍ഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഡിഫന്‍സില്‍ എവിടെയും വിശ്വസിച്ച് കളിപ്പിക്കാന്‍ പറ്റിയ താരമാണ് സൗവിക്. ഡിഫന്‍സീവ് മിഡായും കളിക്കാറുണ്ട്. ബംഗാള്‍ സ്വദേശിയായ സൗവിക് മുമ്പ് മോഹന്‍ ബഗാന്‍ ഡിഫന്‍സിലും കളിച്ചിട്ടുണ്ട്. അവസാന സീസണില്‍ കാര്യമായ നേട്ടം സ്വന്തമാക്കാനാകാത്ത ടീമാണ് ഈസ്റ്റ് ബംഗാള്‍. മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ പരിശീലകനെ പുറത്താക്കുകയും ചെയ്തിരുന്നു. അതേ സമയം ഹൈദരാബാദില്‍ കൂടുതല്‍ താരങ്ങള്‍ എത്തിയതോടെയാണ് ടീം സൗബികിനെ നിലനിര്‍ത്താന്‍ ശ്രമിക്കാത്തത്. നേരത്തെ ഗോകുലം കേരളയുടെ മലയാളി താരമായിരുന്ന അലക്‌സ് സജി ഹൈദരാബാദ് എഫ്.സിയിലെത്തിയിരുന്നു. ഐ ലീഗില്‍ ഗോകുലം കേരളക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് അലക്‌സിന് ഐ.എസ്.എല്ലിലേക്കുള്ള വഴി തെളിഞ്ഞത്. കേരളത്തിന്റെ സന്തോഷ് ട്രോഫി താരമായിരുന്ന സോയല്‍ ജോഷിയും ഐദരാബാദ് എഫ്.സിക്ക് വേണ്ടി കളിക്കുന്നുണ്ട്.