ലാ മാസിയ യുവതാരത്തെ ടീമിലെത്തിച്ച് ബയേണ്‍ മ്യൂണിക്

ബാഴ്സലോണ യുവതാരം ആദം അസ്നൗവിനെ ടീമില്‍ എത്തിച്ച് ജര്‍മന്‍ കരുത്തന്മാരായ ബയേണ്‍. ബാഴ്സ യൂത്ത് ടീമുമായി കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത്തിന് പിറകെ ടീം വിടാനുള്ള ഒരുക്കത്തില്‍ ആയിരുന്നു പതിനാറുകാരനായ സ്പാനിഷ് താരം. പ്രതിഭാധനനായ താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ ബാഴ്സലോണ കഴിവതും ശ്രമിച്ചെങ്കിലും പുതിയ തട്ടകം തേടാന്‍ അസ്നൗ തീരുമാനിക്കുകയായിരുന്നു.
താരവുമായി ദിവസങ്ങളായി ചര്‍ച്ച നടത്തി വന്ന ബയേണ്‍ മറ്റ് ടീമുകളെ മറികടന്ന് സ്പാനിഷ് താരത്തെ സ്വന്തമാക്കുന്നതില്‍ വിജയിച്ചു. ബാഴ്സലോണയുടെ യൂത്ത് ടീമായ കാഡറ്റ് എ അംഗമായിരുന്നു ആദം അസ്നൗ. ഇടത് ബാക്ക് സ്ഥാനത്ത് കളിക്കുന്ന താരത്തെ ഇതേ സ്ഥാനത്ത് സീനിയര്‍ ടീമില്‍ ഉള്ള ജോര്‍ഡി ആല്‍ബയുടെ ഭാവിയിലെ പകരക്കാരന് ആയിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.
സ്പെയിനിന്റെ യൂത്ത് ടീം ദേശിയ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. റയല്‍ മാഡ്രിഡും ബറൂസിയയും അടക്കം വമ്പന്മാര് താരത്തിന് പിറകെ ഉണ്ടായിരുന്നു. എങ്കിലും ബയേണിലേക്ക് ചേക്കേറാന്‍ തന്നെയായിരുന്നു പതിനാറുകാരന്റെ തീരുമാനം. 2025 വരെയുള്ള കരാര്‍ ആണ് താരത്തിന് ബയേണില്‍ ഉണ്ടാവുക.
അതിന് ശേഷം തന്റെ ആദ്യ പ്രൊഫഷണല്‍ കരാര്‍ ബയേണില്‍ സ്വന്തമാക്കാനുള്ള സാധ്യതയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബയേണിന്റെ മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോസ്കി ക്ലബ് വിട്ടിരുന്നു. ഇറ്റാലിയന്‍ കരുത്തന്മാരായ യുവന്റസില്‍ നിന്ന് ഡച്ച് താരം ഡി ലിറ്റിനെ ബയേണ്‍ ടീമിലെത്തിക്കുകയും ചെയ്തിരുന്നു.