Top Stories

സ്വീഡനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍

Haroon Rasheed
England v Sweden: Semi Final - UEFA Women's EURO 2022
England v Sweden: Semi Final - UEFA Women's EURO 2022 / Anadolu Agency/GettyImages
facebooktwitterreddit

വനിതാ യൂറോ കപ്പ് ഫൈനലിലെ ആദ്യ സ്ഥാനം ഉറപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഇന്ന് ഷെഫീല്‍ഡില്‍ നടന്ന സെമി ഫൈനലില്‍ സ്വീഡനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ആണ് ഇംഗ്ലണ്ട് വനിതകള്‍ പരാജയപ്പെടുത്തിയത്. ഇന്ന് മത്സരം മികച്ച രീതിയില്‍ തുടങ്ങാന്‍ സ്വീഡന് ആയെങ്കിലും അവര്‍ക്ക് ആദ്യ ലഭിച്ച അവസരങ്ങള്‍ ഒന്നും മുതലെടുക്കാന്‍ ആയില്ല.34ആം മിനുറ്റില്‍ ബെത് മെഡിന്റെ ഗോളിലൂടെ ആണ് ഇംഗ്ലണ്ട് ഗോളടി തുടങ്ങിയത്.

വലതു വിങ്ങില്‍ നിന്ന് ലൂസി ബ്രോണ്‍സ് നല്‍കിയ പാസ് സീകരിച്ച് തകര്‍പ്പന്‍ സ്‌ട്രൈക്കിലൂടെയാണ് ബെത് മെഡ് ഇംഗ്ലണ്ടിന് ലീഡ് നല്‍കിയത്.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലൂസി ബ്രോണ്‍സിന്റെ ഒരു ഹെഡര്‍ ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. 68ആം മിനുട്ടില്‍ റുസ്സോയുടെ വക മൂന്നാം ഗോള്‍. മത്സരത്തിലെ ഏറ്റവും മികച്ച ഗോള്‍ ഇതായിരുന്നു.

മത്സരത്തിലെ എന്നല്ല ഈ ടൂര്‍ണമെന്റിലെ തന്നെ എറ്റവും നല്ല ഗോളില്‍ ഒന്നാണ് അലെസിയ റൂസോ നേടിയത്. ബാക്ക് ഹീലിലൂടെ സ്വീഡന്‍ ഡിഫന്‍സിനെയും ഗോള്‍ കീപ്പറെയും റുസ്സോ ഞെട്ടിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ ടൂര്‍ണമെന്റിലെ നാലാം ഗോളായിരുന്നു ഇത്.76ആം മിനുട്ടില്‍ ഫ്രാന്‍ കര്‍ബി കൂടെ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് വെംബ്ലിയിലേക്ക് പോകും എന്ന് ഉറപ്പായി.

കര്‍ബിയുടെ പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട് ഗോള്‍ കീപ്പറുടെ പിഴവു കൂടെ കൊണ്ടാണ് ഗോളായി മാറിയത്. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും മികച്ച ജയം സ്വന്തമാക്കിയാണ് ടൂര്‍ണമെന്റില്‍ കുതിപ്പ് തുടരുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച പിന്തുണയാണ് മത്സരത്തിന് ലഭിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മ്മനിയും ഫ്രാന്‍സും ഏറ്റുമുട്ടും.

facebooktwitterreddit