പ്രീ സീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണക്ക് സമനില

പരിശീലന മത്സരത്തില്‍ ഏറ്റു മുട്ടിയ യുവന്റസും ബാഴ്‌സലോണയും ആവേശ സമനിലയില്‍ പിരിഞ്ഞു. മോയിസ് കീന്‍ യുവന്റസിന്റെ ഗോളുകള്‍ നേടിയപ്പോള്‍ ബാഴ്‌സലോണ നേടിയ രണ്ടു ഗോളുകളും ഡെമ്പലെ സ്വന്തം പേരില്‍ ചേര്‍ത്തു. പരിശീലന മത്സരമെങ്കിലും മികച്ച കളി പുറത്തെടുക്കാന്‍ തന്നെയായിരുന്നു ഇരു യൂറോപ്യന്‍ വമ്പന്മാരുടെയും ശ്രമം. ഒരാള്‍ ഒഴികെ ടീമിലെ എല്ലാവര്‍ക്കും പലപ്പോഴായി പിച്ചില്‍ സമയം കണ്ടെത്താന്‍ ബാഴ്‌സലോണക്ക് കഴിഞ്ഞപ്പോള്‍ യുവന്റസ് ഒന്‍പത് സബ്സ്റ്റിട്യൂഷന്‍ നടത്തി.
ബാഴ്‌സലോണയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. ലെവെന്റോവ്‌സ്‌കിയും ഔബമയങ്ങും നേടിയ ഷോട്ടുകള്‍ ലക്ഷ്യത്തില്‍ നിന്നും അകന്നു പോയി. മുപ്പത്തി നാലാം മിനിറ്റില്‍ ഡെമ്പലെ നേടിയ ഗോളിലാണ് ബാഴ്‌സലോണ മുന്നിലെത്തിയത്. ബോക്‌സിനുള്ളില്‍ കയറി മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നേടിയ ഷോട്ട് ഗോളിക്ക് പിടികൊടുക്കാതെ ഗോള്‍ വല കണ്ടു. മുപ്പതിയൊന്‍പതാം മിനിറ്റില്‍ ക്വഡ്രാഡോ ഇടത് വശത്തും നിന്നും നല്‍കി പന്ത് മോയിസ് കീന്‍ അനായാസം വലയില്‍ എത്തിച്ചു.
എന്നാല്‍ സമനില ഗോളിന്റെ ആവേശം അടങ്ങും മുന്‍പ് ആദ്യ ഗോളിന്റെ ആവര്‍ത്തനമെന്നോണം യുവന്റസ് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞു കയറി ഡെമ്പലെ അടുത്ത ഗോള്‍ കണ്ടെത്തി. ലീഡുമായി ആദ്യ പകുതിക്ക് പിരിഞ്ഞ ബാഴ്‌സക്ക് രണ്ടാം പകുതിയില്‍ യുവന്റസ് സമനില ഗോള്‍ സമ്മാനിച്ചു. ലോകാട്ടെലിയും ഡാനിസ് സക്കരിയയും നടത്തിയ മുന്നേറ്റം വലയില്‍ എത്തിച്ച് മോയിസ് കീന്‍ തന്നെ സമനില ഗോളും കണ്ടെത്തി.
പിന്നീട് ബാഴ്‌സ മത്സരത്തില്‍ കൂടുതല്‍ ആധിപത്യം നേടാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. റാഫിഞ്ഞയുടെ ഫ്രീകിക്ക് പോസ്റ്റില്‍ ഇടിച്ചു തെറിച്ചതിന് പിറകെ ഫാറ്റി ചിപ്പ് ചെയ്തിട്ട ഷോട്ടും പോസ്റ്റില്‍ അവസാനിച്ചു.
ബാഴ്‌സലോണ നിരയില്‍ ലെവെന്റോവ്‌സ്‌കിക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മോയിസ് കീനിന് അല്ലെഗ്രിയുടെ വിശ്വാസം ഒരിക്കല്‍ കൂടി കാക്കാന്‍ ആയി. യുവന്റസ് പ്രതിരോധ നിരയില്‍ ടോറിനോയില്‍ നിന്നും എത്തിയ പുതിയ താരം ബ്രെമര്‍ ഇറങ്ങിയിരുന്നു.