Top Stories

പോഗ്ബയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

Haroon Rasheed
Juventus v Chivas - Preseason Friendly
Juventus v Chivas - Preseason Friendly / James Williamson - AMA/GettyImages
facebooktwitterreddit

പരുക്ക് പോള്‍ പോഗ്ബയെ വിടാതെ പിന്തുടരുന്നു. പരിശീലനത്തിനിടെ പരുക്കേറ്റ പോഗ്ബ ഇപ്പോള്‍ രണ്ട് ദിവസം വിശ്രമത്തിലാണ്. പോഗ്ബയുടെ പരിക്ക് സാരമുള്ളതാണെന്നാണ് പുതിയ വിവരങ്ങള്‍. മെനിസ്‌കസിലാണ് പോഗ്ബക്ക് പരിക്ക് എന്ന് ക്ലബ് അറിയിച്ചു. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് കൂടുതല്‍ പരിശോധനക്ക് ശേഷം തീരുമാനിക്കും എന്ന് യുവന്റസ് വ്യക്തമാക്കി.

ശസ്ത്രക്രിയ വേണ്ടിവരുകയാണെങ്കില്‍ പോഗ്ബയ്ക്ക് സീസണ്‍ തുടക്കം നഷ്ടമാകും.ഇപ്പോള്‍ പോഗ്ബ ബാഴ്‌സലോണക്ക് എതിരായ അടുത്ത പ്രീസീസണ്‍ മത്സരം കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പ്രീസീസണില്‍ ഇനി പോഗ്ബ കളിക്കുമോ എന്നതും സംശയമാണ്. പരിശീലനത്തിന് ഇടയില്‍ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്.


ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാന്‍സ്ഫറില്‍ യുവന്റസിലേക്ക് മടങ്ങി എത്തിയത്. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌നായി കഴിഞ്ഞ സീസണില്‍ വളരെ കുറച്ചു മത്സരങ്ങള്‍ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ. യുണൈറ്റഡില്‍ തുടരാന്‍ യുണൈറ്റഡ് മാനേജ്‌മെന്റ് താരത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫ്രഞ്ച് താരം ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ യുവന്റസിന് വേണ്ടി കളിച്ച പോഗ്ബ ഇത് രണ്ടാം തവണയാണ് ഇറ്റാലിയന്‍ ക്ലബിലെത്തുന്നത്. യുണൈറ്റഡ് വിടാന്‍ പോഗ്ബ ശ്രമം നടത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ റയല്‍ മാഡ്രിഡ്, പി.എസ്.ജി തുടങ്ങിയ ക്ലബുകള്‍ ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ താരം യുവന്റസ് തിരഞ്ഞെടുക്കുകയായിരുന്നു.

facebooktwitterreddit