ഫ്രഞ്ച് സെകോ മാര ഇനി സൗതാംപ്ടണ്‍ വേണ്ടി ബൂട്ടണിയും

പുതിയ സീസണിലേക്കായി താരങ്ങളെ ടീമിലെത്തിക്കുന്നത് പ്രീമിയര്‍ ലീഗ് ക്ലബായ സൗതാംപ്ടണ്‍ തുടരുന്നു. ഇപ്പോള്‍ ഫ്രഞ്ച് യുവതാരാമയ സെകോ മാരയേയാണ് സൗതാംപ്ടണ്‍ ടീമിലെത്തിച്ചിരിക്കുന്നത്. 11 മില്യണ്‍ യൂറോയും രണ്ട് മില്യണ്‍ ആഡ് ഓണും ഉള്‍പ്പെടുന്ന കരാറിലാണ് ഫ്രഞ്ച് ക്ലബായ ബോര്‍ഡോയില്‍ നിന്ന് താരത്തെ സൗതാംപ്ടണ്‍ സ്വന്തമാക്കുന്നത്.
19കാരന് തന്റെ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം പ്രീമിയര്‍ ലീഗ് ടീമുമായി നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായി ക്ലബ് ഔദ്യോഗികമായ അറിയിച്ചു. 2017ല്‍ ബോര്‍ഡോയില്‍ ചേരുന്നതിന് മുമ്പ് പാരീസ് സെന്റ് ജെര്മെയ്ന്, ബൊലോണ്ബില്ലന്കോര്ട്ട് എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ലീഗ് 1 ല്‍ ആറ് ഗോളുകള്‍ നേടിയ താരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബുകള്‍ രംഗത്ത് ഉണ്ടായിരുന്നു.
ഈ സീസണില്‍ സൗതാംപ്ടണ്‍ ടീമിലെത്തിക്കുന്ന ആറാമത്തെ താരമാണ് മാര. ഇനി മധ്യനിരയിലേക്ക് കൂടി രണ്ട് താരങ്ങളെ വേണമെന്നാണ് സൗതാംപ്ടണിന്റെ നിലപാട്. അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ മികച്ച നേട്ടം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് സൗതാംപ്ടണ്‍ ടീമില്‍ അടിമുടി മാറ്റത്തിന് ശ്രമിക്കുന്നത്. അവസാന സീസണില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ കഴിയാത്തത് കാരണമാണ് സൗതാംപ്ടണ്‍ പുതിയ സീസണില്‍ ടീമിനെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം അവസാസ സീസണില്‍ ടീമിനൊപ്പം മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത താരങ്ങളോട് പുതിയ ക്ലബുകള്‍ നോക്കാന്‍ ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ നാലു താരങ്ങളെങ്കിലും ഈ സമ്മറില്‍ സൗതാംപ്ടണ്‍ വിടും. പുതിയ സീസണിലെ പദ്ധതിയില്‍ ക്ലബിന് ആവശ്യമില്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ പരിശീലകന് വ്യക്തമാക്കുകയും ചെയ്തിരുന്നു.