താരങ്ങളെ തേടിയുള്ള പരക്കംപാച്ചിലില്‍ ഫുള്‍ഹാം

പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ഫുള്‍ഹാം ഇപ്പോള്‍ താരങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ തിരച്ചിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ പൊസിഷനിലേക്കും ഏറെക്കുറെ താരങ്ങളെ കണ്ടെത്തിക്കഴിഞ്ഞ ഫുള്‍ഹാം ഇപ്പോള്‍ ഗോള്‍ കീപ്പര്‍മാര്‍ക്ക് വേണ്ടിയാണ് പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നത്. ആഴ്സനല്‍ താരം ബെണ്‍ഡ് ലെനോയെയാണ് ഫുള്‍ഹാം തങ്ങളുടെ ആദ്യ ലക്ഷ്യമായി കാണുന്നത്.
താരത്തിന് വേണ്ടി ആഴ്സനലുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കൈമാറ്റ തുകയില്‍ ധാരണയില്‍ എത്താന്‍ ഇരു ടീമുകള്‍ക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഫുള്‍ഹാം മറ്റ് സാധ്യതകളും തേടുന്നുണ്ട്. ബാഴ്സലോണയുടെ രണ്ടാം കീപ്പര്‍ നെറ്റോയാണ് പ്രീമിയര്‍ ലീഗ് ടീം കണ്ണുവെച്ച മറ്റൊരു താരമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഴ്സനലില് നിന്നും ലെനോയെ എത്തിക്കാന്‍ സാധിക്കാതിരിക്കുകയാണെങ്കില്‍ മാത്രമാകും നെറ്റോയെ ഫുള്‍ഹാം പരിഗണിക്കുക. അതേ സമയം നെറ്റോയെ കൈമാറ്റ തുക ഒന്നും കൂടാതെ തന്നെ ബാഴ്സലോണ വിട്ടു കൊടുത്തേക്കുമെന്ന സൂചനകളുമുണ്ട്. ലാ ലിഗയില്‍ ടീമുകള്‍ നെറ്റോയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ശമ്പളക്കാര്യത്തില്‍ ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേ സമയം താരത്തിന് തന്റെ മുന്‍ തട്ടകമായ ഇറ്റാലിയന്‍ ലീഗിലേക്ക് മടങ്ങാന്‍ ആണ് ആഗ്രഹമെന്ന സൂചനകളുമുണ്ട്. നാപോളിയാണ് ബ്രസീലുകാരന് ലക്ഷ്യമിടുന്ന ടീം. ആഴ്സനലില് നിലവില്‍ റാംസ്ഡേലിന് കീഴില്‍ രണ്ടാം കീപ്പര്‍ മാത്രമായി മാറിയ ലെനോ കൈമാറ്റ തുകയില്‍ ടീമുകള്‍ക്ക് ധാരണയില്‍ എത്താന്‍ കഴിഞ്ഞാല്‍ ഫുള്‍ഹാമിലേക്ക് കൂടുമാറിയേക്കും. അവസാന സീസണില്‍ നാല് ലീഗ് മത്സരങ്ങളില്‍ മാത്രമാണ് ജര്‍മന്‍ താരത്തിന് ആഴ്സനല്‍ ജേഴ്സി അണിയാന്‍ സാധിച്ചത്.