നെക്‌സറ്റ് ജന്‍ കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ സ്പര്‍സും വെസ്റ്റ്ഹാമും ക്രിസ്റ്റല്‍ പാലസും

FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/GettyImages
facebooktwitterreddit

നെക്സ്റ്റ് ജന്‍ കപ്പില്‍ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ ആരെല്ലാമെന്ന് തീരുമാനമായി. പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ടോട്ടനം ഹോട്‌സ്പര്‍സ്, വെസ്റ്റ് ഹാം, ക്രിസ്റ്റല്‍ പാലസ് എന്നിവരെയാണ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ജൂലൈ 27ന് ആദ്യ മത്സരത്തില്‍ സ്പര്‍സിനെ നേരിടും.

ബെംഗളൂരു എഫ്.സി ലെസ്റ്റര്‍ സിറ്റിയെയും നേരിടും. പ്രീമിയര്‍ ലീഗ് ആതിഥേയത്വം വഹിക്കുന്ന നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ ഇതിനോടകം തന്നെ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസര്‍വ് സ്‌ക്വാഡുകളും ബ്രിട്ടണില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഫുട്‌ബോള്‍ വികസനത്തിന് പിന്തുണ നല്‍കുന്നതിനായി പ്രീമിയര്‍ ലീഗും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ഭാഗമാണ് ടൂര്‍ണമെന്റ്.

ഈ വര്‍ഷമാദ്യം നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ് സിയും ഈ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരുന്നു. എട്ട് ടീമുകളുള്ള നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ അഞ്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് യൂത്ത് ടീമുകളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു അക്കാദമി ടീമുമാണ് ബെംഗളൂരു എഫ്‌സിക്കും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കും ഒപ്പമുള്ളത്.


ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ജൂലൈ 27ന് ലണ്ടനിലും മിഡ്‌ലാന്‍ഡിലുമായി ആദ്യ മത്സരം നടക്കും. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഗ്രൂപ്പില്‍ ക്രിസ്റ്റല്‍ പാലസ്, സ്പര്‍സ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവരാണുള്ളത്. ബെംഗളൂരു എഫ്.സിയുടെ ഗ്രൂപ്പില്‍ ലെസ്റ്റര്‍ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, സ്റ്റെലന്‍ബോസ്ച് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.