മഞ്ഞപ്പടക്ക് ഇനി വനിതാ ടീമും; കേരള പ്രീമിയര്‍ ലീഗില്‍ അരങ്ങേറും

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെയാണ് വീഡിയോയുമായി വനിതാ ടീമിന്റെ പ്രഖ്യാപനം നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ വനിതാ ടീമിന്റെ ടീം ഡയറക്ടറയി രാജാ റിസ്വാനെ നിയമിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ രാജാ റിസ്വാന് മുന്‍ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജറായിരുന്നു.
വനിതാ വിഭാഗത്തില്‍ കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം എത്തുന്നതോടെ കളത്തിന് വീണ്ടും ആവേശം കൂടും. കേരള പ്രീമിയര്‍ ലീഗിലൂടെ അരങ്ങേറ്റം നടത്തി ഇന്ത്യന്‍ വനിതാ ലീഗിലെ ശക്തികളാവുക എന്നതാണ് ഇപ്പോള്‍ മഞ്ഞപ്പടയുടെ പെണ്‍പടക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഗോകുലം കേരളയുടെ വനിതാ ടീം കേരള പ്രീമിയര്‍ ലീഗിലും ഇന്ത്യന്‍ വനിതാ ടീമിലും കരുത്ത് കാട്ടിയിരുന്നു.
അവസാന സീസണില്‍ ഗോകുലം കേരളയുടെ വനിതാ ടീമായിരുന്നു കേരള വനിതാ ലീഗില്‍ ചാംപ്യന്മാരായത്. ഇന്ത്യന്‍ വനിതാ ലീഗിലും ഗോകുലം കേരള തന്നെയായിരുന്നു തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയത്. തുടര്‍ന്ന് എ.എഫ്.സി ചാംപ്യന്‍ഷിപ്പില്‍ ഗോകുലം കേരളക്കായിരുന്നു.
ദേശീയ ലീഗിലൂടെ എ.എഫ്.സിയിലെത്തുക എന്നതാണ് ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിന്റെ പ്രധാന ലക്ഷ്യം. അതേ സമയം പുതിയ ഐ.എസ്.എല്‍ സീസണിനായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ സീനിയര്‍ ടീം. താരങ്ങളെ ടീമിലെത്തിക്കുന്ന തിരക്കിലാണ് മാനേജ്മെന്റ്. അതേ സമയം ലണ്ടനില്‍ നടക്കുന്ന നെക്സ്റ്റ് ജന്‍ കപ്പില്‍ പങ്കെടുക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ഇപ്പോള്‍ ലണ്ടനിലെത്തിയിട്ടുണ്ട്.