റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരങ്ങളുടെ കരാര്‍ നീട്ടി

റയല്‍ മാഡ്രിഡ് നിരയിലെ പ്രധാനികളായ ബ്രസീലിയന്‍ താരങ്ങളുടെ കരാര്‍ നീട്ടിനല്‍കി. ബ്രസീലിയന്‍ താരങ്ങളായ റോഡ്രിഗോ, വിനീഷ്യസ്, മിലിഷ്യാവോ എന്നിവരുടെ കരാറാണ് നീട്ടി നല്‍കിയിരിക്കുന്നത്. അറ്റാക്കിംഗ് താരമായ റോഡ്രിഗോ 2028വരെയുള്ള കരാറാണ് ഒപ്പുവെച്ചത്.
21കാരനായ താരം 2019ലായിരുന്നു സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്. സാന്റോസില്‍ നിന്നായിരുന്നു റയല്‍ താരത്തെ ടീമിലെത്തിച്ചത്. ഒരു ബില്യന്‍ റിലീസ് ക്ലോസ് നല്‍കിയാണ് താരത്തിന് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. അവസാന സീസണില്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റ നിരയില്‍ കരുത്ത് തെളിയിക്കാന്‍ റോഡ്രിഗോക്ക് കഴിഞ്ഞിരുന്നു.
മറ്റൊരു ബ്രസീല്‍ താരമായ മിലിഷ്യാവോക്കും പുതിയ കരാര്‍ നല്‍കിയിട്ടുണ്ട്. 500 മില്യന്‍ യൂറോയാണ് താരത്തിന് റിലീസ് ക്ലോസ് നല്‍കിയിരിക്കുന്നത്. 2028വരെയുള്ള കരാറില്‍ ഒപ്പുവെക്കുന്ന മിലിഷ്യാവോ റയല്‍ മാഡ്രിഡിന്റെ പ്രതിരോധത്തിലെ പ്രധാനിയാണ്. 2026വരെയുള്ള കരാറാണ് റയലിന്റെ മുന്നേറ്റത്തിലെ കുന്തമുനയായ വിനീഷ്യസ് ജൂനിയറിന് നല്‍കിയിരിക്കുന്നത്. ചാംപ്യന്‍സ് ലീഗിലടക്കം റയല്‍ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രസീലിയന്‍ താരത്തിന് കഴിഞ്ഞിരുന്നു.
അവസാന സീസണില്‍ റയല്‍ മാഡ്രിഡിനായി 42 ഗോളുകള്‍ കണ്ടെത്തിയ യുവതാരം കരീം ബെന്‍സേമക്കൊപ്പം മികച്ച പ്രകടനമായിരുന്നു റയലിന്റെ മുന്നേറ്റനിരയില്‍ പുറത്തെടുത്തത്. 2018ല്‍ ആയിരുന്നു ഫ്‌ലമെംഗോയില്‍ നിന്ന് വിനീഷ്യസ് റയല്‍ മാഡ്രിഡിലേക്ക് എത്തിയത്. ഒരു ബില്യന്‍ യൂറോ റിലീസ് ക്ലോസാണ് വിനീഷ്യസിന് നല്‍കിയിരിക്കുന്നത്. ഇന്ന് ബാഴ്‌സലോണക്കെതിരേ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡ് പരാജയം നേരിട്ടിരുന്നു.