സെസാര്‍ അസ്പിലിക്യേറ്റയെ ബാഴ്സലോണ പിന്തുടരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ടുഷേല്‍

ചെല്‍സിയുടെ പ്രതിരോധ താരത്തിനായി ബാഴ്സോലണ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എന്നാല്‍ ഇതുവരെ സ്പാനിഷ് താരത്തെ കാറ്റാലന്‍ ക്ലബിലെത്തിക്കാന്‍ യുവാന്‍ ലെപോര്ട്ടക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ ബാഴ്സോലണയുടെ നീക്കത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ചെല്‍സിയുടെ ജര്‍മന്‍ പരിശീലകന് തോമസ് ടുഷേല്‍. ബാഴ്സലോണ താരത്തെ പിന്തുടരുന്ന് മടുപ്പിക്കുന്നുണ്ടെന്നായിരുന്നു ടുഷേല്‍ വ്യക്തമാക്കിയത്. ഈ സീസണില്‍ ചെല്‍സി പ്രതിരോധത്തില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ് അസ്പിലിക്യേറ്റ.
ഇതാണ് ടുഷേലിനെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ എണ്ണം ആളുകളെ ടീമിലെത്തിക്കുന്നതിലല്ല കാര്യം. ക്വാളിറ്റിയുള്ളവരെ കൊണ്ടുവരുക എന്നതാണ് ചെല്‍സിയുടെ പദ്ധതി. അതിനാല്‍ പുതുതായുള്ള ട്രാന്‍സ്ഫറുകള്‍ക്ക് സമയമെടുക്കുമെന്നും ടുഷേല്‍ വ്യക്തമാക്കി. നേരത്തെ ചെല്‍സിയുടെ പ്രതിരോധ താരമായിരുന്ന ആന്ദ്രിയാസ് ക്രിസ്റ്റിയന്സെ ഫ്രീ ട്രാന്‍സ്ഫറില്‍ ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു.
ചെല്‍സിയുടെ പ്രതിരോധത്തിലെ പ്രധാന താരമായിരുന്ന അന്റോണിയോ റുഡിഗര്‍ ചെല്‍സിയിലേക്ക് ചേക്കേറിയതും ബ്ലൂസിന് തിരിച്ചടിയായി. അതിനാല്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അവര്‍ പ്രതിരോധത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതിനിടയിലാണ് സ്പാനിഷ് പ്രതിരോധ താരത്തെ റാഞ്ചാന്‍ കാറ്റാലന്‍ ക്ലബ് ശ്രമം നടത്തുന്നത്. നേരത്തെ നാപോളിയുടെ സെനഗല്‍ താരമായിരുന്നു കാലിഡോ കൂലിബാലിയെ ചെല്‍സി ടീമിലെത്തിച്ചിരുന്നു.